ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഗ്രൗണ്ടിൽ കൊമ്പുകോർത്തു. ഫീൽഡിങ് ക്രമീകരണത്തെച്ചൊല്ലി നായകൻ ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുമ്രയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുമ്ര പന്തെറിയുമ്പോൾ പാണ്ഡ്യ വരുത്തിയ മാറ്റങ്ങളിൽ താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. തുടർച്ചയായ തോൽവികൾക്കിടെ ടീമിനുള്ളിലെ ഭിന്നതകൾ ഇതോടെ മറനീക്കി പുറത്തുവന്നു.
പഞ്ചാബ് ബാറ്റർമാർ തകർത്തടിക്കുമ്പോൾ ഫീൽഡർമാരെ മാറ്റാനുള്ള പാണ്ഡ്യയുടെ നീക്കം ബുമ്രയെ ചൊടിപ്പിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും ഒടുവിൽ ക്യാപ്റ്റന്റെ വാക്കിന് ബുമ്ര വഴങ്ങുകയായിരുന്നു. തോൽവിക്ക് പിന്നാലെ താരങ്ങൾക്കെതിരെ പാണ്ഡ്യ രൂക്ഷവിമർശനം ഉന്നയിച്ചു. സ്വന്തം പിഴവുകൾ പരിശോധിക്കണമെന്നും പ്രകടനങ്ങളിൽ ഉത്തരവാദിത്തം കാണിക്കണമെന്നും മത്സരശേഷം പാണ്ഡ്യ തുറന്നടിച്ചു.
മത്സരത്തിൽ മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. നാലോവറിൽ 41 റൺസ് വഴങ്ങിയ ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. ഈ സീസണിൽ അഞ്ച് മത്സരങ്ങൾ പിന്നിട്ടിട്ടും ബുമ്രയ്ക്ക് ഇതുവരെ വിക്കറ്റ് വേട്ട തുടങ്ങാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പഞ്ചാബിനായി പ്രഭ്സിമ്രൻ സിങ്ങും ശ്രേയസ് അയ്യരും അർധ സെഞ്ചറികൾ നേടിയപ്പോൾ മുംബൈ താരം ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറി പ്രകടനം പാഴായി.
ഈ വിജയത്തോടെ പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ തുടർച്ചയായ നാലാം തോൽവിയുമായി മുംബൈ അവസാന സ്ഥാനത്ത് തന്നെ തുടർന്നു. തോൽവിയറിയാതെ മുന്നേറുന്ന പഞ്ചാബ്, മുംബൈയുടെ തട്ടകമായ വാങ്കഡെയിൽ അവരെ ഏറ്റവും കൂടുതൽ തവണ തോൽപ്പിക്കുന്ന ടീമെന്ന റെക്കോർഡും സ്വന്തമാക്കി. മുംബൈയെ സംബന്ധിച്ചിടത്തോളം കളിക്കളത്തിലെ തോൽവിക്കൊപ്പം ടീമിനുള്ളിലെ കലഹവും വലിയ തിരിച്ചടിയാവുകയാണ്.




