ഹൈദരാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ രാത്രി ഡ്യൂട്ടിക്കിടെ കൊതുകുവലയ്ക്കുള്ളിലിരുന്ന് ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരാജ് കുമാർ ബൗദ്ധ് എന്നയാൾ എക്‌സിൽ (X) പങ്കുവെച്ച ഈ ദൃശ്യം സെക്യൂരിറ്റി ജീവനക്കാരുടെ ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വീഡിയോയിൽ, ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനോട് സംസാരിക്കുന്നത് കാണാം. ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഗാർഡ് കൊതുകുകടിയിൽ നിന്ന് രക്ഷപ്പെടാനായി കസേരയ്ക്ക് ചുറ്റും കൊതുകുവല കെട്ടി അതിനുള്ളിലിരുന്നാണ് ഡ്യൂട്ടി ചെയ്യുന്നത്. “ഇന്ത്യയിലെ ഒരു സെക്യൂരിറ്റി ഗാർഡിന്റെ ജീവിതം. ഈ പാവം ഗാർഡ് കൊതുകുവലയ്ക്കുള്ളിലിരുന്ന് രാത്രി ജോലി ചെയ്യുകയാണ്. എസി മുറികളിൽ കഴിയുന്ന സൊസൈറ്റി അംഗങ്ങൾക്ക് ഈ ഗാർഡിന് സുരക്ഷിതമായ ഒരു ഇടം നൽകിക്കൂടേ? ആളുകൾക്ക് പാവപ്പെട്ടവരോടുള്ള കരുണ നഷ്ടപ്പെട്ടിരിക്കുന്നു,” എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സുരാജ് കുറിച്ചു.
നാല് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. “നമ്മുടെ സുരക്ഷയ്ക്കായി നമ്മൾ ആശ്രയിക്കുന്നവരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു,” എന്ന് ഒരാൾ പ്രതികരിച്ചു. മിനിമം സൗകര്യമായ ഒരു ക്യാബിനോ ഫാനോ പോലും ഇവർക്ക് നൽകുന്നില്ല എന്നത് സങ്കടകരമാണെന്ന് മറ്റൊരാൾ കുറിച്ചു.
ലക്ഷങ്ങൾ മെയിന്റനൻസ് ഇനത്തിൽ ചിലവാക്കുന്നവർ പോലും തങ്ങൾക്ക് കാവൽ നിൽക്കുന്നവരുടെ അന്തസ്സ് ഉറപ്പാക്കാൻ ശ്രമിക്കുന്നില്ലെന്നും, നഗരങ്ങളിലെ ഭൂരിഭാഗം സൊസൈറ്റികളിലും ഇതൊക്കെത്തന്നെയാണ് അവസ്ഥയെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഒരല്പം സഹാനുഭൂതിയും മാന്യമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കാൻ സമൂഹം തയ്യാറാകണമെന്ന ആവശ്യമാണ് ഈ വീഡിയോ ഉയർത്തുന്നത്.




