വനിതാ ഐപിഎസ് ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രൊബേഷനറി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡിയെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കുടുംബസുഹൃത്തിന്റെ വീട്ടിൽ വെച്ച് തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷമോ സാനിറ്റൈസറോ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ആദ്യം സംശയമുയർന്നിരുന്നെങ്കിലും ഡോക്ടർമാർ ഇത് തള്ളി. വയർ കഴുകിയപ്പോൾ വിഷാംശമോ മറ്റ് മരുന്നുകളോ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ രക്തത്തിൽ വലിയ അളവിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്നും ഡോക്ടര്മാര് വ്യക്തമാക്കുകയായിരുന്നു.
പീഡനക്കേസ് ഞായറാഴ്ച പുറത്തുവന്നതോടെ ഉദയ് കൃഷ്ണ റെഡ്ഡി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹോദരൻ വെളിപ്പെടുത്തി. കിടപ്പുമുറിയിൽ നിന്നും മദ്യക്കുപ്പിയും സാനിറ്റൈസറും കണ്ടെത്തിയതിനെത്തുടർന്നാണ് ആത്മഹത്യാശ്രമമാണെന്ന് കുടുംബം ആദ്യം കരുതിയതും വിഷം കഴിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതും. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി ഉദയ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും പരാതിക്കാരിയുടെ വിവാഹശേഷവും ആ ബന്ധം തുടരാൻ അവർ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നുമാണ് ഉദയ് അവകാശപ്പെടുന്നത്.
2025 ജൂൺ മുതൽ താനും പരാതിക്കാരിയും പ്രണയത്തിലായിരുന്നുവെന്ന് ഉദയ് പറയുന്നു. വിവാഹശേഷവും ആ ബന്ധം തുടർന്ന അവർ നിർബന്ധപൂർവ്വമാണ് തന്റെ മുറിയിലേക്ക് വന്നതെന്നും വാട്ട്സ്ആപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നും താരം വാദിക്കുന്നു. ‘ജൂലൈ 9-ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് അവർ സ്വന്തം ഇഷ്ടപ്രകാരമാണ് എന്റെ മുറിയിലെത്തിയത്. എതിർത്തിട്ടും എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സ്വന്തം ഭർത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുക മാത്രമാണ് താൻ ചെയ്തത്’– ഉദയ് വ്യക്തമാക്കി.
ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നടത്തുന്ന 30-കാരിയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അട്ടാപ്പൂർ പൊലീസ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ കേസെടുത്തത്. അശ്ലീല സന്ദേശങ്ങൾ അയച്ചു, മർദ്ദിച്ചു, മുറിയിൽ പൂട്ടിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി, അനുവാദമില്ലാതെ സ്വകാര്യ വിഡിയോ ചിത്രീകരിച്ച് ഭർത്താവിന് അയച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. എന്നാൽ, ഉദയ് ആശുപത്രിയിലായ സംഭവത്തിൽ പോലീസിന് നിലവിൽ പ്രത്യേക പരാതിയോ വിവരമോ ലഭിച്ചിട്ടില്ലെന്നും പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.




