ബോളിവുഡിൽ നടികളോടുള്ള മനോഭാവത്തെ രൂക്ഷമായി വിമർശിച്ചും ദക്ഷിണേന്ത്യൻ സിനിമകളെ അഭിനന്ദിച്ചും പ്രമുഖ നടി കാജൽ അഗർവാൾ. ഹിന്ദി സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ആലോചിച്ച ശേഷം മാത്രമാണെന്നും സ്ത്രീകളോടുള്ള സമീപനത്തിൽ ദക്ഷിണേന്ത്യൻ സിനിമാമേഖലയെ അപേക്ഷിച്ച് ബോളിവുഡ് ഏറെ പിന്നിലാണെന്നും താരം തുറന്നടിച്ചു. സൽമാൻ ഖാൻ, രൺദീപ് ഹൂഡ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ദക്ഷിണേന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബോളിവുഡിലെ സാധാരണ കഥാപാത്രങ്ങളെക്കാൾ മികച്ച പ്രാധാന്യമുള്ള വേഷങ്ങളാണ് ദക്ഷിണേന്ത്യയിൽ തനിക്ക് ലഭിക്കുന്നതെന്നും ദക്ഷിണേന്ത്യൻ സിനിമകളുടെ നിലവാരം വളരെ ഉയർന്നതാണെന്നും കാജൽ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ പൊക്കിളിനെ ചുറ്റിപ്പറ്റിയല്ല ഇന്നത്തെ ദക്ഷിണേന്ത്യന്‍ സിനിമകളെന്നും ആ കാലത്ത് നിന്നും വളര്‍ന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘സ്ത്രീ കേന്ദ്രീകൃതമായ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്, ബോളിവുഡിലാവട്ടെ, പ്രായമായ വേഷങ്ങളിലേക്ക് സ്ത്രീകള്‍ ചുരുങ്ങുന്നു. അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് ഉറച്ചിട്ടുണ്ട്’- കാജല്‍ വിശദീകരിച്ചു.
സമയകൃത്യതയുടെ കാര്യത്തിൽ ബോളിവുഡ് വളരെ പിന്നിലാണെന്നും സൂപ്പർതാരങ്ങൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും കാജൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ദക്ഷിണേന്ത്യയിൽ കൃത്യമായ സമയനിഷ്ഠ പാലിക്കപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു. ‘എന്നെ ഏറ്റവും കൂടുതൽ സമയം കാത്തിരുത്തിയിട്ടുള്ളത് സൽമാൻ ഖാനാണ്. അത്തരം കാത്തിരിപ്പുകൾ എനിക്ക് തീരെ ശീലമില്ലാതിരുന്നതിനാൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ അമ്പരന്നുപോയി. പുലർച്ചെ ഷൂട്ടിംഗിനെത്തിയ എനിക്ക് സൽമാൻ വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു; ഉച്ചയോ വൈകുന്നേരമോ ആയപ്പോഴാണ് അദ്ദേഹം എത്തിയത്. ഒടുവിൽ കാത്തിരുന്ന് മടുത്തപ്പോൾ ഞാൻ സെറ്റിലെ ജിമ്മിൽ പോയി വ്യായാമം ചെയ്യുകയായിരുന്നു’- കാജൽ വെളിപ്പെടുത്തി.
സിനിമകളിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയിലും ബോളിവുഡിനേക്കാൾ ബഹുദൂരം മുന്നിലാണ് ദക്ഷിണേന്ത്യയെന്ന് താരം പറയുന്നു. സ്ത്രീകളുടെ ശരീരഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചിരുന്ന പഴയകാലത്തിൽ നിന്ന് ദക്ഷിണേന്ത്യൻ സിനിമകൾ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
‘ദി ഇന്ത്യാ സ്റ്റോറി’യാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കൂടാതെ നിതേഷ് തിവാരിയുടെ രാമായണം പാർട്ട് 1, 2 ചിത്രങ്ങളിൽ മണ്ഡോദരിയുടെ വേഷത്തിലും താരം എത്തുന്നുണ്ട്.




