Featured Oddly News

പുഷ്പഹാരം, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീ‍ഡനക്കേസ് പ്രതിയ്ക്ക് വീരോചിത സ്വീകരണം- വീഡിയോ

ഗാസിയാബാദ്‌: ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് വൻ സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഹിന്ദു യുവ വാഹിനിയുടെ മുൻ ഭാരവാഹിയായ സുശീൽ പ്രജാപതിയെ മാലയിട്ടും തോളിലേറ്റിയുമാണ് അനുയായികൾ രാജകീയമായി സ്വീകരിച്ചത്. വെള്ള വസ്ത്രമണിഞ്ഞ്, കഴുത്തിൽ ജമന്തിപ്പൂമാലകളിട്ട് നിൽക്കുന്ന പ്രജാപതിയുമായി ഒരു സംഘം ആളുകൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു.

ഇയാളുടെ അനുയായികൾ തോളിലിരുത്തി മുദ്രാവാക്യങ്ങൾ വിളിച്ചും പരസ്പരം കൈകൊടുത്തുമാണ് വിജയറാലി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുത്തവർ ആവേശത്തോടെ വിജയചിഹ്നം കാണിക്കുന്നതും ചുറ്റുമുള്ളവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. നിയമപഠനത്തിൽ പരിശീലനം നൽകാമെന്നും ഒരു അഭിഭാഷകനെ പരിചയപ്പെടുത്താമെന്നും വിശ്വസിപ്പിച്ച് എൽ.എൽ.ബി വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സുശീൽ പ്രജാപതി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് വിദ്യാർത്ഥിനി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഒൻപത് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ 17-ാം തീയതി ഇയാൾക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഈ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർക്ക് ഇത്തരത്തിൽ പരസ്യമായി സ്വീകരണം നൽകുന്നത് നിയമവ്യവസ്ഥയെയും സ്ത്രീകളുടെ സുരക്ഷയെയും വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *