Crime

‘ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്നചിത്രം വീട്ടിലേക്കയച്ചു’; അലീനയ്ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധം

മരട്‌: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലിയുടെയും മറവില്‍ യുവതികളെ വിദേശത്ത്‌ എത്തിച്ചു ലൈംഗിക വ്യാപാരത്തിന്‌ ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പൊന്നാനി സ്വദേശിയായ മഞ്‌ജിമയെയാണ്‌ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിൽ പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിയായ സ്‌റ്റോയ്‌സി (സിന്ധു), തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന എബ്രഹാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഇതോടെ ഈ ക്രൂരതയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. മരട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ പേര്‍ അറസ്‌റ്റിലാകുമെന്നാണ് വിവരം. കേസിൽ പിടിയിലായ അലീന ഇതിനുമുമ്പും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അലീനയ്‌ക്കു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ്‌ പോലീസ്‌ വ്യക്തമാക്കുന്നത്‌.

ദുബായിൽ ബ്യൂട്ടിപാർലർ ജോലി വാഗ്ദാനം ചെയ്ത്, പണം വാങ്ങി അവിടെയെത്തിച്ച ഒരു യുവതിയാണ് താൻ നേരിട്ട അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ദുബായിൽ എത്തിയ ഉടൻ തന്നെ യുവതിയെ ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. സമാന രീതിയിൽ വഞ്ചിക്കപ്പെട്ട എട്ടോളം മറ്റ് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. സന്ധ്യ എന്ന സ്ത്രീയുടെ നേതൃത്വത്തിൽ ഇവരുടെ ഫോണും പാസ്പോർട്ടും ഭീഷണിപ്പെടുത്തി വാങ്ങി വെക്കുകയായിരുന്നു.

തുടർന്ന് ഒരു ക്ലയന്റ് കാണാൻ വരുമെന്ന് അറിയിച്ചെങ്കിലും യുവതി അത് കർശനമായി നിരസിച്ചു. ഇതോടെ യുവതിയെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിക്കുകയും ചെയ്തു. ബോധരഹിതയായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തുടർന്നുള്ള പീഡനങ്ങൾ. യുവതി മോശം ജീവിതമാണ് നയിക്കുന്നതെന്ന് വരുത്തിതീർക്കാൻ ഇവരുടെ നഗ്നചിത്രങ്ങൾ നാട്ടിലെ വീട്ടുകാരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഫ്ലാറ്റിൽ കടുത്ത നിരീക്ഷണത്തിലായിരുന്നതിനാൽ യുവതിക്ക് പുറത്തുകടക്കാൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു മാസത്തോളം നീണ്ടുനിന്ന ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ, ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് യുവതി അവിടെനിന്ന് എങ്ങനെയോ രക്ഷപെട്ടത്. നാട്ടിൽ തിരിച്ചെത്തിയ യുവതി മരട് പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

ദുബായില്‍ ഇവന്റ്‌ മാനേജ്‌മെന്റ്‌ സ്‌ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശി സ്‌റ്റോയ്‌സി എന്ന സിന്ധുവാണ്‌ കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്‌ജിമ നാലാം പ്രതിയുമാണ്‌. മലയാളികളായ മറ്റു രണ്ടു സ്‌ത്രീകളാണ്‌ രണ്ടും അഞ്ചും പ്രതികള്‍. സ്‌റ്റോയ്‌സിയും അലീനയുമാണ്‌ യുവതികളെ കണ്ടെത്തി ദുബായിലെത്തിക്കുന്ന ഏജന്റുമാര്‍ എന്നാണ്‌ പൊലീസ്‌ വ്യക്‌തമാക്കിയത്‌. ജനുവരിയില്‍ ഇത്തരത്തില്‍ ദുബായില്‍ വച്ച്‌ ഫാഷന്‍ വര്‍ക്‌ഷോപ്പ്‌ നടത്തുന്ന കാര്യവും അലീന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അലീനയുമായി ബന്ധപ്പെട്ട ഗുണ്ടാ ബന്ധവും അന്വേഷണ പരിധിയിലുണ്ടെന്ന്‌ പൊലീസ്‌ കമ്മിഷണര്‍ വ്യക്‌തമാക്കി.

നവംബറില്‍ വൈറ്റിലയിലെ ഹോട്ടലില്‍ വടിവാള്‍ ഉപയോഗിച്ച്‌ നടത്തിയ അക്രമത്തില്‍ രണ്ടു കൊല്ലം സ്വദേശികള്‍ക്കൊപ്പം അലീനയും അറസ്‌റ്റിലായിരുന്നു. ജില്ലയിലെ ഒരു ഗുണ്ടയുടെ സുഹൃത്ത്‌ എന്ന രീതിയിലാണ്‌ അന്ന്‌ അലീനയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിച്ചത്‌. ജില്ലയിലെ രണ്ട്‌ ഗുണ്ടകള്‍ അടക്കമുള്ളവരുമായി നില്‍ക്കുന്ന അലീനയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇന്നലെ വൈകിട്ടാണ്‌ അലീനയെ മരടിലെ ഫ്‌ലാറ്റില്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. കേസെടുത്ത വിവരമറിഞ്ഞ്‌ വിദേശത്തേക്ക്‌ കടക്കാനായി മുംബൈ വിമാനത്താവളത്തിലെത്തിയ സ്‌റ്റോയ്‌സിയെ ലുക്ക്‌ഔട്ട്‌ സര്‍ക്കുലറിന്റെ അടിസ്‌ഥാനത്തില്‍ വിമാനത്താളവത്തില്‍ തടഞ്ഞുവയ്‌ക്കുകയും കൊച്ചിയിലേക്ക്‌ കൊണ്ടുവരികയുമായിരുന്നു.

കേസില്‍ അറസ്‌റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ എസ്‌.കാളിരാജ്‌ മഹേഷ്‌ കുമാറിന്റെ നിര്‍ദേശാനുസരണം കൊച്ചി സിറ്റി ഡി.സി.പി: അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം അസി. കമ്മിഷണര്‍ സുരേഷ്‌ കെ.ജി, മരട്‌ എസ്‌.എച്ച്‌.ഒ അബ്‌ദുള്‍ മനാഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.