Spotlight

‘25 കോടിയുടെ കള്ളപ്പണം 17 ചാക്കുകളിലായി BJP ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 25 കോടി രൂപയുടെ കള്ളപ്പണം തൃശൂരിലേക്ക് എത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ ബിജെപി ഓഫീസ് സെക്രട്ടറി പി. അക്ഷയ് . തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ 17 ചാക്കുകളിലായാണ് ഈ പണം ഓഫീസിലേക്ക് എത്തിച്ചത്. തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് ഈ തുക സൂക്ഷിച്ചതെന്ന് അക്ഷയ് വെളിപ്പെടുത്തി.

പണം ഓഫീസിലെത്തിച്ച സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനും പഴയ ഡിവിആർ മാറ്റി പുതിയത് വെക്കാനും നേതാക്കൾ നിർദേശിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാര്യങ്ങൾക്ക് ഉപയോഗിക്കാതെ ഈ കള്ളപ്പണം ചില നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കായി വീതിച്ചെടുക്കുകയാണുണ്ടായത്. വിഷയത്തിൽ സംസ്ഥാന അധ്യക്ഷനും കേന്ദ്ര നേതാക്കൾക്കും പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും, പകരം അകാരണമായി പ്രവർത്തകരെ പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മുരളി കോളങ്ങാട്ട്, സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാർ എന്നിവർക്ക് ഇതിനെക്കുറിച്ച് കൃത്യമായ വിവരമുണ്ടെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അക്ഷയ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. 2025 നവംബർ മുതൽ 2026 ജൂലൈ 14 വരെ തൃശൂർ ബിജെപി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് അക്ഷയ്.

Leave a Reply

Your email address will not be published. Required fields are marked *