Spotlight

‘വെള്ളത്തില്‍ തൊട്ടാല്‍ ആ കൈ വെട്ടിയരിയും’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്​ക്കെതിരെ പാക്കിസ്ഥാന്‍

സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാന്‍ വീണ്ടും രംഗത്തെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും, പാക്കിസ്ഥാനുള്ള വെള്ളം തടഞ്ഞാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈ വെട്ടിയരിയുമെന്നും പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്.

പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുസാദിക് മാലിക് വ്യക്തമാക്കിയത്. അയല്‍രാജ്യത്തെ പ്രധാനമന്ത്രിയാണ് പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ പൈപ്പ് നിയന്ത്രിക്കുന്നതെന്നും, ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും മാലിക് കുറ്റപ്പെടുത്തി. ഞങ്ങളുടെ വെള്ളത്തിന് മേല്‍ അവകാശം പറഞ്ഞ് ഉയരുന്ന കൈകള്‍ അരിഞ്ഞു കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ധു ജല കരാര്‍ നിയമപരമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇന്ത്യയ്ക്ക് അത് റദ്ദാക്കാന്‍ കഴിയില്ലെന്നുമാണ് പാക് മന്ത്രി തരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രാജ്യാന്തര നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും പാക്കിസ്ഥാന്‍റെ അവകാശങ്ങളെയാണ് ശരിവയ്ക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

ലോകബാങ്ക് മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19നാണ് ഇന്ത്യയും പാക്കിസ്ഥാനും ഈ ചരിത്ര കരാറില്‍ ഒപ്പുവെച്ചത്. സിന്ധു നദീവ്യൂഹത്തിലെ ബിയാസ്, രവി, സത്​ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും നല്‍കുന്നതായിരുന്നു ഈ ഉടമ്പടി. ഇതനുസരിച്ച് പാക്കിസ്ഥാന് 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളവുമാണ് ലഭിച്ചിരുന്നത്. പാക്കിസ്ഥാനിലെ 68 ശതമാനത്തോളം വരുന്ന ജലസേചനത്തിനും കൃഷിക്കും പ്രധാന ആശ്രയം ഈ വെള്ളമാണ്.

എന്നാല്‍ ഇന്ത്യ കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്ഥാനില്‍ കടുത്ത വരള്‍ച്ചയും കൃഷിനാശവും ഉണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക് ജലവിഭവ മന്ത്രാലയം കേന്ദ്രസര്‍ക്കാരിന് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാക് നേതാക്കള്‍ കടുത്ത ഭീഷണികളുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *