ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയ സർവ്വകലാശാലയിലെ ആർട്സ് കോളേജിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു അണ്ണാൻ . കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പതിനെട്ടോളം പേരെയാണ് ഈ അണ്ണാൻ കടിച്ചത്. നിലവിൽ കോളേജ് വളപ്പിൽ തുറസ്സായ സ്ഥലങ്ങളിൽ ഇരിക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് അവിടെയുള്ളവർ. അണ്ണാന്റെ ആക്രമണം ഭയന്ന് വിദ്യാർത്ഥികളും ജീവനക്കാരും വല്ലാത്തൊരു ആശങ്കയിലാണ് കഴിയുന്നത്.
പെട്ടെന്ന് ആളുകളുടെ നേരെ ചാടിവീണ് കടിക്കുന്നതാണ് ഈ അണ്ണാന്റെ രീതി എന്ന് അവിടെയുള്ളവർ പറയുന്നു. ഏപ്രിൽ 22-ന് രണ്ട് ഗവേഷകരെയും തൊട്ടടുത്ത ദിവസം കോളേജിലെ ഒരു ക്ലർക്കിനെയും ഇത് ആക്രമിച്ചിരുന്നു. സമാനമായ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് കോളേജ് അധികൃതർ റെസ്ക്യൂ ടീമിനെ വിളിച്ചെങ്കിലും അവരും പരാജയപ്പെട്ടു. അണ്ണാൻ സാധാരണഗതിയിൽ ഇത്തരത്തിൽ അക്രമാസക്തരാകാറില്ലെന്നും, ഇതിന്റെ പെരുമാറ്റം തികച്ചും അസാധാരണമാണെന്നുമാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
അണ്ണാനെ പിടികൂടാൻ പലതവണ ശ്രമിച്ചെങ്കിലും അത് ഓരോ തവണയും രക്ഷപ്പെടുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കമലേഷ് സുതർ പറഞ്ഞു. കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനെ കുടുക്കാൻ ചെറിയ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ, അണ്ണാന്റെ കടിയേറ്റവർക്ക് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനുകൾ നൽകിയതായി ആർട്സ് കോളേജ് ഡീൻ പ്രൊഫസർ മദൻ സിംഗ് റാത്തോഡ് അറിയിച്ചു. പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.




