ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കടുത്ത പ്രതിസന്ധിയിലായി. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവർക്ക് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.
അതേസമയം, വിജയത്തോടെ 12 പോയിന്റായ ഡൽഹി 13 മത്സരങ്ങളിൽ നിന്ന് ഏഴാം സ്ഥാനത്താണ്. അടുത്ത കളി ജയിച്ചാലും അവർക്ക് പരമാവധി 14 പോയിന്റ് മാത്രമേ നേടാനാകൂ. രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഓപ്പണർമാരായ കെ.എൽ. രാഹുലും (42 പന്തിൽ 56) അഭിഷേക് പൊറേലുമാണ് (31 പന്തിൽ 51) ഡൽഹിയുടെ വിജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ടീമിന്റെ വിജയത്തിന് അടിത്തറയിട്ടത്.
പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസെടുത്ത ഡൽഹി, 9.1 ഓവറിൽ 100 കടന്നിരുന്നു. പിന്നാലെ അഭിഷേക് പൊറേലിനെ ബ്രിജേഷ് ശർമ പുറത്താക്കി. തുടർന്ന് സഹിൽ പരാഖിനെ ജോഫ്ര ആർച്ചറും, രാഹുലിനെ ദസുൻ ഷനാകയും പുറത്താക്കിയതോടെ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമായിത്തുടങ്ങി. മധ്യനിരയിൽ ട്രിസ്റ്റൻ സ്റ്റബ്സ് (4), ഡേവിഡ് മില്ലർ (9) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ഡൽഹി സമ്മർദ്ദത്തിലായി. അവസാന രണ്ട് ഓവറിൽ ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ ഡൽഹി ഇംപാക്ട് പ്ലേയറായി അശുതോഷ് ശർമയെ കളത്തിലിറക്കി. ബ്രിജേഷ് ശർമയെറിഞ്ഞ 19-ാം ഓവറിൽ 13 റൺസ് പിറന്നതോടെ കളി ഡൽഹിയുടെ കൈകളിലായി. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ സിക്സും ഫോറുമടിച്ച് അശുതോഷ് ഡൽഹിക്ക് തകർപ്പൻ വിജയം സമ്മാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. ധ്രുവ് ജുറേലും (40 പന്തിൽ 53) ക്യാപ്റ്റൻ റിയാൻ പരാഗും (26 പന്തിൽ 51) ടീമിനായി അർധ സെഞ്ചറികൾ നേടി. കൗമാര താരം വൈഭവ് സൂര്യവംശി 21 പന്തിൽ 46 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 200 റൺസിന് മുകളിൽ സ്കോർ ചെയ്യുമെന്ന് കരുതിയ രാജസ്ഥാൻ, മധ്യനിര ബാറ്റർമാരുടെ മോശം പ്രകടനം കാരണമാണ് 193ൽ ഒതുങ്ങിയത്. സ്കോർ 19ൽ നിൽക്കെ യശസ്വി ജയ്സ്വാളിനെ (12) ലുങ്കി എൻഗിഡി പുറത്താക്കിയിരുന്നു. എന്നാൽ വൈഭവും ജുറേലും ചേർന്ന് പവർപ്ലേയിൽ ടീമിനെ 75 റൺസിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടിച്ചേർത്തു.
പിന്നീടെത്തിയ റിയാൻ പരാഗും തകർത്തടിച്ചതോടെ രാജസ്ഥാൻ വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചു. എന്നാൽ 15-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പരാഗ് പുറത്തായതോടെ കളി മാറി. തൊട്ടടുത്ത പന്തുകളിൽ ഡോനോവൻ ഫെരേരയും രവി സിങ്ങും പൂജ്യത്തിന് പുറത്തായതോടെ രാജസ്ഥാൻ തകർന്നു. അവസാന ഓവറുകളിൽ മറ്റാർക്കും തിളങ്ങാൻ സാധിച്ചതുമില്ല. ഡൽഹിക്കായി നാലോവറിൽ 40 റൺസ് വഴങ്ങി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി, മാധവ് തിവാരി എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.




