Featured Health

10 മണിക്കൂർ ഇരുന്നിട്ട് 10,000 ചുവട് വെച്ചിട്ട് കാര്യമില്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ദിവസവും 10,000 ചുവടുകൾ നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, പക്ഷേ, പകൽ മുഴുവൻ ഇരുന്നു ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ മാറ്റാൻ ഇത് മാത്രം പോരെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 9 മുതൽ 10 മണിക്കൂർ വരെ തുടർച്ചയായി ഇരിക്കുന്നത് രക്തക്കുഴലുകളുടെ (Veins) ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

വൈകുന്നേരം നടക്കാൻ പോകുന്നത് നല്ലതാണെങ്കിലും, പകൽ സമയത്ത് മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുന്നത് വഴി രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുമെന്ന് പ്രമുഖ വാസ്കുലർ സർജനായ ഡോ. സുമിത് കപാഡിയ പറയുന്നു.

രക്തചംക്രമണം എന്നത് നിങ്ങൾ എത്രത്തോളം ദൂരം നടക്കുന്നു എന്നതിനേക്കാൾ, എത്ര ഇടവേളകളിൽ ശരീരം ചലിപ്പിക്കുന്നു എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. തുടർച്ചയായി ഇരിക്കുമ്പോൾ കാലിലെ പേശികൾ നിഷ്ക്രിയമാവുകയും രക്തം താഴെത്തട്ടിൽ കെട്ടിക്കിടക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും കാലിൽ നീര്, വെരിക്കോസ് വെയിൻ, രക്തം കട്ടപിടിക്കൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നമ്മുടെ കാലിലെ പേശികളെ ‘രണ്ടാം ഹൃദയം’ എന്നാണ് വിളിക്കുന്നത്; ചലനത്തിലൂടെ മാത്രമേ ഈ പേശികൾക്ക് രക്തത്തെ തിരികെ ഹൃദയത്തിലേക്ക് പമ്പ് ചെയ്യാൻ സാധിക്കൂ.

രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഡോക്ടർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നു. ഓരോ 45-60 മിനിറ്റിലും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുക, ശരീരം സ്‌ട്രെച്ച് ചെയ്യുക, ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും നടക്കുക എന്നിവ ശീലമാക്കണം. ഇരുന്നുകൊണ്ട് തന്നെ കണങ്കാൽ വട്ടം കറക്കുന്നതും ഉപ്പൂറ്റി ഉയർത്തുന്നതും പേശികൾക്ക് ഉണർവ് നൽകും. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കും. വലിയ മാരത്തണുകളേക്കാൾ, ഇടയ്ക്കിടെയുള്ള ചെറിയ ചലനങ്ങളാണ് നിങ്ങളുടെ രക്തക്കുഴലുകൾക്ക് ആവശ്യമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് രക്തം കെട്ടിക്കിടക്കുന്നത് തടയാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *