Featured Oddly News

ലൈക്കിന് വേണ്ടി കുരുന്നിനെ മേൽക്കൂരയിൽ നിന്ന് ചാടിച്ച് പിതാവ്! റീൽസ് ഭ്രാന്ത് അതിരുവിടുന്നു! ഞെട്ടിക്കുന്ന വീഡിയോ

ഇൻസ്റ്റഗ്രാം റീലുകൾ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ആളുകൾ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായി, തന്റെ കൊച്ചു മകളെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടിക്കുന്ന ഒരു പിതാവിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അങ്ങേയറ്റം അപകടകരമായ ഈ വീഡിയോയിൽ, വീടിന്റെ ഒന്നാം നിലയിലെ കൈവരിയിൽ പെൺകുട്ടി നിൽക്കുന്നതും പിതാവ് താഴെ നിൽക്കുന്നതും കാണാം. താഴെ നിന്ന് കൈകൾ വിടർത്തി പിതാവ് ആംഗ്യം കാണിച്ചതോടെ കുട്ടി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ താഴെ ഒരു ചെറിയ മെത്ത വിരിച്ചിരുന്നെങ്കിലും അത് ഒട്ടും സുരക്ഷിതമായിരുന്നില്ല. കുട്ടി താഴേക്ക് പതിച്ചപ്പോൾ പിതാവ് അവളെ പിടിച്ചെങ്കിലും കുട്ടിയുടെ കാലുകൾ മെത്തയിൽ തട്ടുന്നുണ്ടായിരുന്നു.

വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. “ഒരു റീലിന് വേണ്ടി സ്വന്തം കുട്ടിയെ മേൽക്കൂരയിൽ നിന്ന് ചാടിക്കുന്ന ഇത്തരം വിവേകശൂന്യരായ പിതാക്കന്മാരെ ഉടൻ ജയിലിലടയ്ക്കണം” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തുചെയ്യാൻ മടിക്കാത്തവർക്ക് സോഷ്യൽ മീഡിയ ഒരു ആയുധമായി മാറിയിരിക്കുകയാണെന്ന് മറ്റൊരാൾ കുറിച്ചു. പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.

മധ്യപ്രദേശിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ സ്കൂട്ടറിന്റെ ഡിക്കിക്കുള്ളിൽ വെച്ച് ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ചു പോകുന്ന ഒരു സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും പുറംലോകമറിയുന്നത്. വീഡിയോ വൈറലാക്കാൻ വേണ്ടി ആളുകൾ എന്തും ചെയ്യുകയാണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും കുഞ്ഞിനെ മാറ്റിയ ശേഷമാണ് സ്ത്രീ വണ്ടിയോടിച്ചതെന്നും ചിലർ വാദിക്കുന്നുണ്ടെങ്കിലും, ഇത്തരം അപകടകരമായ കാര്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നത് മോശം രക്ഷിതാക്കളുടെ ലക്ഷണമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.