വേനൽക്കാലത്ത് ഭക്ഷണസാധനങ്ങൾ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തക്കാളി ശരിയായി സൂക്ഷിച്ചാൽ അവ നേരത്തെ ചീഞ്ഞുപോകുന്നത് തടയാനും കൂടുതൽ ദിവസം ഫ്രഷ് ആയി നിലനിർത്താനും സാധിക്കും. ഇതിനായി ചില ലളിതമായ വഴികൾ താഴെ പറയുന്നവയാണ്.
ആദ്യമായി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിൽ അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. ഈ മിശ്രിതത്തിൽ തക്കാളി കുറച്ചുനേരം മുക്കിവെക്കണം. അതിനുശേഷം തക്കാളി പുറത്തെടുത്ത് നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കി ഒട്ടും ഈർപ്പമില്ലാത്ത രീതിയിൽ നന്നായി തുടച്ചെടുക്കുക.
വൃത്തിയാക്കിയ തക്കാളികൾ ഓരോന്നായി പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് അവ പെട്ടെന്ന് കേടാകാതിരിക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ പേപ്പർ വിരിച്ച ശേഷം ഓരോ തക്കാളിയും വെവ്വേറെ പേപ്പറിൽ പൊതിയുക. ഇങ്ങനെ ചെയ്യുമ്പോൾ തക്കാളിയുടെ ഞെട്ട് വശത്തുള്ള ഭാഗം താഴേക്ക് അഭിമുഖമായി വരുന്ന രീതിയിൽ വേണം വെക്കാൻ. ഇത് തക്കാളി കൂടുതൽ ദിവസം ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കും.
തക്കാളി കേടുകൂടാതെ സൂക്ഷിക്കാൻ ഉണങ്ങിയ മണ്ണും ഉപയോഗിക്കാം. പുറത്തെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ മണ്ണിനെ പെട്ടെന്ന് ബാധിക്കാത്തതുകൊണ്ട് ഇതിൽ സൂക്ഷിക്കുന്ന പച്ചക്കറികൾ കൂടുതൽ കാലം നിലനിൽക്കും. ഒരു പാത്രത്തിൽ ഉണങ്ങിയ മണ്ണെടുത്ത് അതിൽ തക്കാളി മെല്ലെ താഴ്ത്തി വെക്കുക. ഈ പാത്രത്തിൽ നിന്ന് തക്കാളി എടുക്കുമ്പോൾ കൈകൾ പൂർണ്ണമായും ഉണങ്ങിയതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഈ രീതിയിലൂടെ തക്കാളി കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.




