ഒമ്പതാം വയസ്സിൽ ശാരീരിക വളർച്ച നിലച്ചുപോയിട്ടും അഭിനയലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ചൈനീസ് നടൻ ഹൗ സിയാങ് ശ്രദ്ധേയനാകുന്നു. സോഷ്യൽ മീഡിയയിൽ “പ്രായമാകാത്ത മനുഷ്യൻ” (Ageless Man) എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 40 വയസ്സുണ്ടെങ്കിലും കണ്ടാൽ ഒമ്പത് വയസ്സുകാരന്റെ രൂപവും ശബ്ദവുമാണ് ഇദ്ദേഹത്തിന് ഇപ്പോഴുമുള്ളത്.
അമ്മയുടെ ഗർഭകാലത്തുണ്ടായ പോഷകാഹാരക്കുറവും അകാല പ്രസവവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വഴിയിൽ കാണുന്നവർ ഇപ്പോഴും ഹൗ സിയാങ്ങിനെ ഒരു സ്കൂൾ വിദ്യാർത്ഥിയാണെന്ന് കരുതി വിശേഷങ്ങൾ ചോദിക്കാറുണ്ട്.
എന്നാൽ തന്റെ ശാരീരിക അവസ്ഥയെ ഒരു കുറവായി കാണാതെ കുടുംബത്തിന്റെ പിന്തുണയോടെ അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരികയായിരുന്നു.
2005-ൽ ‘ഹോം വിത്ത് കിഡ്‌സ്’ എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്ന് 19 വയസ്സുണ്ടായിരുന്ന അദ്ദേഹം ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായാണ് അഭിനയിച്ചത്. തുടർന്ന് ‘സ്റ്റെപ്പ് ഫാദർ’, ‘തുരങ്ക യുദ്ധം’ തുടങ്ങിയ ജനപ്രിയ നാടകങ്ങളിലും അദ്ദേഹം വേഷമിട്ടു. കുട്ടികളുടെ രൂപമാണെങ്കിലും വൈകാരികമായ രംഗങ്ങൾ വളരെ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ സംവിധായകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിക്കുന്നു.
രൂപം കാരണം തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് പരിമിതികളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എങ്കിലും ലഭിക്കുന്ന ഓരോ വേഷവും പൂർണ്ണതയോടെ ചെയ്യുക എന്നതാണ് ഒരു നടൻ എന്ന നിലയിലുള്ള തന്റെ വിജയമെന്ന് ഹൗ വിശ്വസിക്കുന്നു. തന്റെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഹൗ സിയാങ് ഇന്ന് ചൈനയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രചോദനമാണ്.




