തനിക്ക് 50 വയസ്സായിട്ടും ജൈവപരമായി തന്റെ പ്രായം 28 വയസ്സ് മാത്രമാണെന്നും തന്റെ പ്രധാന അവയവങ്ങൾ 16 വയസ്സുള്ള ഒരാളുടേതിന് തുല്യമാണെന്നും യുഎഇ ജനറ്റിക് ഡിസീസസ് അസോസിയേഷന്റെ സ്ഥാപകയും ജനിതക വിദഗ്ദ്ധയുമായ ഡോ. മറിയം മാതാർ. ഡോ. മറിയത്തിന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
ഖലീജ് ടൈംസി’ന്റെ റിപ്പോർട്ട് അനുസരിച്ച്, ആറാമത് വനിതാ ടെക്നോളജി ഫോറത്തിൽ വെച്ച് ‘വനിതകളിലെ മാനസിക ദീർഘായുസ്സും അതിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യകളും’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കവെയാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. 2024-ലെ ഫോർബ്സ് മിഡിൽ ഈസ്റ്റിലെ മികച്ച 100 ബിസിനസ് വനിതകളിൽ ഇടം നേടിയ ഡോ. മാതാർ, ദീർഘായുസ്സ്, ബുദ്ധി എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ ജൈവപരമായി പുരുഷന്മാരെക്കാൾ സ്ത്രീകൾ മികച്ചവരാണെന്ന് പറഞ്ഞു.
പുനരുജ്ജീവന വൈദ്യശാസ്ത്രം (regenerative medicine) വഴിയും നൂതന സാങ്കേതികവിദ്യ വഴിയുമാണ് തന്റെ ഈ ജൈവപ്രായം സാധ്യമായതെന്നും, ഈ പ്രക്രിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള, യഥാർത്ഥ ശാസ്ത്രമാണ് എന്നും അവർ പറഞ്ഞു. രണ്ട് X ക്രോമസോമുകളുടെ സാന്നിധ്യം കാരണം സ്ത്രീകൾക്ക് അന്തർലീനമായ ജനിതകപരമായ ഗുണങ്ങളുണ്ട് എന്നാണ് ഡോ. മാതാറിൻ്റെ അഭിപ്രായം. ഇത് കാരണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് 99.9% കൂടുതൽ വിശകലനശേഷിയുണ്ടെന്നും കാര്യങ്ങൾ പ്രവചിക്കാൻ കൂടുതൽ കഴിവുണ്ടെന്നും അവർ പറഞ്ഞു.
ഈ കഴിവ് സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ശരാശരി അഞ്ച് വർഷം കൂടുതൽ ആയുസ്സ് നൽകുമെന്നും ജനിതക വിദഗ്ദ്ധ കൂട്ടിച്ചേർത്തു. “സ്വാഭാവികമായും, നമ്മൾ സ്ത്രീകൾ കൂടുതൽ മിടുക്കരാണ്, കൂടുതൽ ദീർഘവീക്ഷണമുള്ളവരാണ്, വിശകലനം ചെയ്യാനും ചിന്തകളെ സ്വാഭാവികമാക്കാനും ഉള്ള കഴിവ് പുരുഷന്മാരേക്കാൾ 99.9 ശതമാനം കൂടുതലാണ്. ജൈവപരമായി, സ്ത്രീകൾക്ക് രണ്ട് X ക്രോമസോമുകൾ (XX) ലഭിക്കുന്നു (ഓരോ മാതാപിതാക്കളിൽ നിന്നും ഒന്ന് വച്ച്), അതേസമയം പുരുഷന്മാർക്ക് അവരുടെ അമ്മയിൽ നിന്ന് ഒരു X ക്രോമസോം മാത്രമാണ് സാധാരണയായി ലഭിക്കുന്നത്. എന്റെ ശരീരത്തിന്റെ ജൈവ പ്രായം 28 ആണ്. എന്നാൽ എന്റെ വൃക്ക, കരൾ, ഹൃദയം എന്നിവയുടെ ജൈവ പ്രായം 16 ആണ്. ഇതൊരു സാങ്കേതികവിദ്യയാണ്. പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ കോശങ്ങളുടെ ജൈവ പ്രായം അളക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ശാസ്ത്രമാണിത്,” സെപ്റ്റംബർ 1-ന് 50-ാം പിറന്നാൾ ആഘോഷിച്ച അവർ കൂട്ടിച്ചേർത്തു.
അവസാനമായി, പാനലിൽ പങ്കെടുത്ത പുരുഷന്മാരായ ശ്രോതാക്കൾക്ക് വേണ്ടിയും അവർ ഒരു ഉപദേശം പങ്കുവെച്ചു: “കുടുംബത്തിൽ പഠനത്തിലും സാമൂഹികമായും മികവ് പുലർത്തുന്ന ഒരു മിടുക്കനായ മകനുണ്ടെങ്കിൽ, നിങ്ങൾ ഇന്ന് വീട്ടിലേക്ക് പോകുമ്പോൾ തീർച്ചയായും അവന്റെ അമ്മയ്ക്ക് ഒരു പൂവ് നൽകണം. കാരണം, ബുദ്ധിയുടെ 99.9 ശതമാനവും വരുന്നത് സുന്ദരികളായ സ്ത്രീകളിൽ നിന്നാണ്. അമ്മമാരിൽ നിന്ന്. അവർ പറഞ്ഞു. പുനരുജ്ജീവന വൈദ്യശാസ്ത്രത്തെക്കുറിച്ചും ജനിതക ശാസ്ത്രത്തെക്കുറിച്ചുമുള്ള ഡോ. മാതാറിന്റെ ഈ കാഴ്ചപ്പാട് നിങ്ങൾക്ക് കൗതുകകരമായി തോന്നുന്നുണ്ടോ?
പുനരുജ്ജീവന വൈദ്യശാസ്ത്രം (regenerative medicine)
ശരീരത്തിലെ കേടുവന്ന കലകളെയും അവയവങ്ങളെയും നന്നാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സ്റ്റെം സെല്ലുകൾ, ടിഷ്യു എഞ്ചിനീയറിംഗ്, ജീൻ തെറാപ്പി, ബയോപ്രിന്റിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ റീജനറേറ്റീവ് മെഡിസിൻ ഉപയോഗിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നാനോമെഡിസിൻ, ഓർഗനോയിഡ് വികസനം, റോബോട്ടിക് സംവിധാനങ്ങൾ എന്നീ നൂതന സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു. ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടും നൂതന പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ടും ശാരീരിക പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.




