നീറ്റ് 2026 പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണം ജയ്പൂർ റൂറൽ പ്രദേശത്തെ ഒരു കുടുംബത്തിലേക്ക്. ഈ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഒരേസമയം മെഡിക്കൽ പ്രവേശനം നേടിയതാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. ഒരു കുടുംബത്തിന് എങ്ങനെ ഇത്തരത്തിൽ നേട്ടം കൊയ്യാൻ സാധിച്ചുവെന്നും ഇതിന് പിന്നിൽ പേപ്പർ ചോർച്ചാ മാഫിയയുടെ സഹായമുണ്ടോ എന്നുമാണ് സിബിഐ പരിശോധിക്കുന്നത്.
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ദിനേശ് എന്നയാളുടെ മകൾ ഗുഞ്ജൻ വാരണാസി മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ദിനേശിന്റെയും മാംഗിലാലിന്റെയും മൂത്ത സഹോദരനായ ഘനശ്യാമിന്റെ മക്കളായ പല്ലക്കും സോണിയയും നീറ്റ് പാസായിട്ടുണ്ട്. സോണിയ ഇപ്പോൾ മുംബൈയിലെ മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത്. കൂടാതെ മാംഗിലാലിന്റെ മകൾ പ്രകൃതി ദൗസ മെഡിക്കൽ കോളേജിലും, വികാസ് സവായ് മാധോപൂർ മെഡിക്കൽ കോളേജിലും പ്രവേശനം നേടി.
വർഷങ്ങളായി ആസൂത്രിതമായി പ്രവർത്തിക്കുന്ന ഒരു ശൃംഖലയാണ് ഇതിന് പിന്നിലെന്ന് സിബിഐ കരുതുന്നു. മഹാരാഷ്ട്രയിലെ അഹല്യാബായ് നഗറിൽ നിന്ന് ആരംഭിച്ച് നാസിക്, ഹരിയാന എന്നിവിടങ്ങളിലൂടെ നീളുന്നതാണ് ഈ ശൃംഖലയുടെ വേരുകൾ. ഹരിയാന സ്വദേശിയായ യഷ് യാദവ് വഴിയാണ് ഈ കുടുംബം ഇടനിലക്കാരുമായി ബന്ധപ്പെട്ടതെന്നാണ് സൂചന. പരീക്ഷയ്ക്ക് മുൻപ് പേപ്പർ നൽകാമെന്ന് ഇവർക്ക് വാഗ്ദാനം ലഭിച്ചിരുന്നു. ഇതിനായി ദിനേശ് വലിയൊരു തുക കൈമാറിയതായും വിവരമുണ്ട്.
ചോർന്ന പേപ്പർ കൂടുതൽ ആളുകളിലേക്ക് എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദിനേശിന്റെ മകൻ ഋഷി മുഖേനയാണ് പേപ്പർ വലിയ തോതിൽ പ്രചരിച്ചതെന്ന് ആരോപിക്കപ്പെടുന്നു. പരീക്ഷയ്ക്ക് 15 മണിക്കൂർ മുൻപ് തന്നെ സിക്കറിലെ വിവിധ കോച്ചിംഗ് സെന്ററുകളിൽ ഈ പേപ്പർ എത്തിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ സംസ്ഥാനങ്ങൾ കടന്നുള്ള ഈ മാഫിയാ ശൃംഖലയെ തകർക്കാനാണ് സിബിഐ മുൻഗണന നൽകുന്നത്. കേസുമായി ബന്ധപ്പെട്ട് സിക്കർ സ്വദേശിയായ രാകേഷ് മാണ്ഡവാരിയയെ സിബിഐ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ സർക്കാർ സാക്ഷിയാക്കിയേക്കും. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്നും സിബിഐ അറിയിച്ചു.




