ഒരു മാസത്തോളമായി വിട്ടുമാറാത്ത ചുമ കൊണ്ട് കഷ്ടപ്പെടുകയായിരുന്നു മോണിക്ക ഡെയാനിറ കാബ്രേര ബരാജാസ് എന്ന യുവതി. സാധാരണ ഒരു പരിശോധനയ്ക്കായി ഡോക്ടറെ കണ്ട അവർക്ക് എക്സ്-റേ ഫലം കണ്ടപ്പോൾ വിശ്വസിക്കാനായില്ല; തന്റെ ശ്വാസകോശത്തിനുള്ളിൽ മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മൂക്കുത്തി കുടുങ്ങിക്കിടക്കുന്നു!
തന്റെ സെപ്റ്റം പിയേഴ്സിങ് (മൂക്കിന്റെ പാലത്തിൽ ധരിക്കുന്ന മൂക്കുത്തി) നഷ്ടപ്പെട്ട വിവരം മോണിക്ക ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എപ്പോഴെങ്കിലും ഇത് അറിയാതെ ശ്വസനത്തിലൂടെ ഉള്ളിൽ പോകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. താൻ മലർന്നു കിടന്നുറങ്ങുന്ന സമയത്ത് മൂക്കുത്തിയുടെ വശത്തെ ബോൾ ഊരിപ്പോവുകയും, അത് അറിയാതെ തൊണ്ടയിലൂടെ ശ്വാസകോശത്തിലേക്ക് എത്തുകയുമായിരുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഈ ലോഹക്കഷ്ണം ഹൃദയത്തിലെ പ്രധാന രക്തക്കുഴലായ അയോർട്ടയ്ക്ക് (Aorta) വെറും 0.5 മില്ലിമീറ്റർ മാത്രം അടുത്താണ് ഇരിക്കുന്നതെന്ന് കണ്ടെത്തി. ഇത് അവരുടെ ജീവന് തന്നെ വലിയ ഭീഷണിയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. മൂക്കുത്തി ശ്വാസകോശ കലകളുമായി ഒട്ടിപ്പിടിച്ച നിലയിലായതുകൊണ്ട് 20 മിനിറ്റ് കൊണ്ട് തീരേണ്ട ശസ്ത്രക്രിയ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
പിന്നീട് നടത്തിയ സങ്കീർണ്ണമായ രണ്ടാമത്തെ ശസ്ത്രക്രിയയിലൂടെയാണ് മൂക്കുത്തി പുറത്തെടുക്കാനായത്. മൂക്കുത്തി ശ്വാസകോശത്തിൽ മുറിവുണ്ടാക്കുകയോ രക്തക്കുഴലുകളിൽ തുളയുകയോ ചെയ്തിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. തനിക്ക് പിയേഴ്സിങ്ങുകൾ ഒരുപാട് ഇഷ്ടമാണെങ്കിലും ഈ സംഭവമുണ്ടാക്കിയ ഭീതി കാരണം ഇനി ഒരിക്കലും മൂക്കുത്തി ധരിക്കില്ലെന്ന് മോണിക്ക പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇവരുടെ ഈ അനുഭവം ടിക് ടോക്കിലൂടെ കണ്ടത്.




