ജർമ്മൻ ഇൻഫ്ലുവൻസറായ ലിസ്‌ലാസ് കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇവരുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ലിസ്‌ലാസ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. കോലിയുടെ ഈ ഒരു ലൈക്ക് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തോട് പ്രതികരിച്ച് മോഡലായ ലിസ്‌ലാസ് തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വാർത്തകളിലൂടെയാണ് കോഹ്‌ലി തന്റെ പോസ്റ്റ് ലൈക്ക് ചെയ്ത വിവരം അറിഞ്ഞതെന്നും ഇതിനുപിന്നാലെ നിരവധി ഏജൻസികൾ തന്നെ സമീപിച്ചതായും താരം വെളിപ്പെടുത്തി.
കോഹ്‌ലിയെ ഓർത്ത് തനിക്ക് വിഷമമുണ്ടെന്നാണ് ലിസ്‌ലാസ് പ്രതികരിച്ചത്. ഒരു പ്രമുഖ വ്യക്തിയായതുകൊണ്ട് തന്നെ അദ്ദേഹം എപ്പോഴും പൊതുജനങ്ങളുടെ നിരീക്ഷണത്തിലാണെന്നും ചെറിയ കാര്യങ്ങൾ പോലും ഇത്തരത്തിൽ ചർച്ചയാകുന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു. അതേസമയം, ഈ സംഭവം തന്റെ പ്രൊഫഷണൽ ജീവിതത്തിൽ വലിയ ഗുണം ചെയ്തതായും ലിസ്‌ലാസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ സംഗീത മേഖലയിൽ നിന്ന് അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും അവർ പറഞ്ഞു.
ഹിന്ദുസ്ഥാൻ ടൈംസിനോടാണ് അവർ ഈ നിമിഷത്തെക്കുറിച്ച് മനസ്സ് തുറന്നത്. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ വാർത്തകളിൽ താൻ നിറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും ഏത് സമയത്താണ് അദ്ദേഹം ആ ചിത്രം ലൈക്ക് ചെയ്തതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ലിസ്‌ലാസ് പറഞ്ഞു. വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ട സുഹൃത്തുക്കളും മറ്റും സന്ദേശങ്ങൾ അയച്ചപ്പോഴാണ് താൻ ഈ വിവരം അറിഞ്ഞതെന്ന് അവർ വ്യക്തമാക്കി.
പിന്നീട് കോഹ്‌ലി ആ ലൈക്ക് മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹത്തോട് തനിക്ക് സഹതാപമാണ് തോന്നുന്നതെന്നായിരുന്നു ലിസ്‌ലാസിന്റെ മറുപടി. അദ്ദേഹം ചിത്രം ലൈക്ക് ചെയ്തതിൽ വലിയ സന്തോഷമുണ്ടായിരുന്നുവെന്നും എന്നാൽ അത് ഇത്ര വലിയ വാർത്തയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. എങ്ങനെയാണ് ആളുകൾ ഇത് ശ്രദ്ധിച്ചതെന്നും ഇത്ര വലിയ ചർച്ചയാക്കിയതെന്നും അത്ഭുതപ്പെടുത്തുന്നു. അത് ഒരു വലിയ വാർത്തയാക്കാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും എന്നാൽ ഈ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും താൻ അദ്ദേഹത്തോടും ആരാധകരോടും നന്ദിയുള്ളവളാണെന്നും ലിസ്‌ലാസ് കൂട്ടിച്ചേർത്തു.
വിവാദം കൊഴുക്കുന്നതിനിടെ ലിസ്‌ലാസ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണെന്ന് പറയുന്ന പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ “അൽഗോരിതം” എന്ന് കമന്റ് ചെയ്തതും ശ്രദ്ധേയമായി. എന്നാൽ ഈ വിഷയത്തിൽ വിരാട് കോഹ്‌ലി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആരാണ് ലിസ്‌ലാസ്?
ജെനിഫർ എന്ന് പേരുള്ള ലിസ്‌ലാസ് ജർമ്മനിയിൽ താമസിക്കുന്ന ഒരു ജർമ്മൻ-ദക്ഷിണാഫ്രിക്കൻ വംശജയാണ്. തന്റെ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളിലൂടെ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. വ്ലോഗർ, മോഡൽ, ഗായിക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇവർ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഇന്ത്യൻ സംസ്കാരത്തോടും ഭക്ഷണത്തോടും ഇവർക്ക് വലിയ താൽപ്പര്യമുണ്ട്. ചുവന്ന സാരി ധരിച്ച് “സമോസ സമോസ” എന്ന പാട്ടിന് നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോ മുൻപ് വൈറലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ലിസ്‌ലാസ് ജർമ്മൻ, ഇംഗ്ലീഷ്, ഡച്ച് ഭാഷകൾക്ക് പുറമെ ഹിന്ദിയും പഠിക്കുന്നുണ്ട്. പല വീഡിയോകളിലും ഇവർ ഇന്ത്യയിലെ പ്രാദേശിക ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കുന്നതും കാണാം.
എന്തുകൊണ്ട് ഇപ്പോൾ ട്രെൻഡിങ്ങ്?
ലിസ്‌ലാസിന്റെ പഴയൊരു ഫോട്ടോ വിരാട് കോലി ലൈക്ക് ചെയ്തത് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പടർന്നതോടെ സംഭവം വൈറലായി.
ഇത് ആദ്യമായല്ല വിരാട് കോലിയുടെ ഇൻസ്റ്റാഗ്രാം ലൈക്കുകൾ ചർച്ചയാകുന്നത്. മുൻപ് നടി അവനീത് കൗറിന്റെ പോസ്റ്റ് ലൈക്ക് ചെയ്തപ്പോഴും സമാനമായ രീതിയിൽ വിവാദങ്ങളും ചർച്ചകളും ഉയർന്നിരുന്നു. അന്ന് ഇൻസ്റ്റാഗ്രാം അൽഗോരിതത്തിന്റെ പിഴവ് മൂലമാണ് അങ്ങനെ സംഭവിച്ചതെന്ന് കോലി വിശദീകരണം നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സമാനമായ സംഭവം ഉണ്ടായതോടെ ആരാധകർ ഇത് കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.




