Featured Healthy Food

മസിൽ പെരുപ്പിക്കാൻ വാങ്ങുന്നത് വിഷമോ? ’70 ശതമാനം പ്രോട്ടീൻ പൗഡറുകളും വ്യാജം’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ

ഇന്ത്യയിൽ വിൽക്കപ്പെടുന്ന പ്രമുഖ പ്രോട്ടീൻ പൗഡറുകളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദിലെ ഡോക്ടർ പൂജ റെഡി രംഗത്തെത്തി. രാജ്യത്തെ മുൻനിരയിലുള്ള 36 പ്രോട്ടീൻ സപ്ലിമെന്റുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനം ചൂണ്ടിക്കാട്ടിക്കൊണ്ട്, വിപണിയിലുള്ള 70 ശതമാനം പ്രോട്ടീൻ പൗഡറുകളും വ്യാജമാണെന്ന് ഡോക്ടർ ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. ഇവയിൽ പലതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയവയാണെന്നും ചിലതിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവർ പറയുന്നു.

പരിശോധിച്ചതിൽ 70 ശതമാനം ഉൽപ്പന്നങ്ങളിലും പോഷകങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. അതിലും ഭയാനകമായ കാര്യം, 14 ശതമാനം ഉൽപ്പന്നങ്ങളിൽ ഘനലോഹങ്ങൾ (Heavy metals), കുമിൾ വിഷാംശം (Fungal toxins), കീടനാശിനികളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി എന്നതാണ്. ആരോഗ്യത്തിന് വേണ്ടിയാണ് പ്രോട്ടീൻ കഴിക്കുന്നതെങ്കിലും, ഇത്തരം മായം ചേർത്ത ഉൽപ്പന്നങ്ങൾ നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരുടെ ജീവിതരീതിയിലെ പാളിച്ചകളെക്കുറിച്ചും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മതിയായ അളവിൽ വെള്ളം കുടിക്കാത്തതും നാരുകൾ (Fiber) അടങ്ങിയ ഭക്ഷണം കഴിക്കാത്തതും ദഹനപ്രശ്നങ്ങൾക്കും വൃക്കകളുടെ അമിത ജോലിക്കും കാരണമാകും. ശരീരത്തിന് ആവശ്യമായതിലധികം പ്രോട്ടീൻ കഴിക്കുന്നത് പേശികൾ വളർത്താൻ സഹായിക്കില്ലെന്നും, മറിച്ച് ശരീരത്തിൽ മാലിന്യങ്ങൾ വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർ ഏതെങ്കിലും തരത്തിലുള്ള സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുൻപ് തീർച്ചയായും ഒരു കിഡ്നി ഫങ്ഷൻ ടെസ്റ്റ് (KFT) നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നും ഓരോ നേരത്തെ ഭക്ഷണത്തിനൊപ്പവും നാരുകൾ അടങ്ങിയ പച്ചക്കറികളോ മറ്റോ ഉൾപ്പെടുത്തണമെന്നും അവർ ഉപദേശിച്ചു.

മറ്റൊരാളുടെ ഡയറ്റ് പ്ലാൻ കണ്ണടച്ച് അനുകരിക്കാതെ, സ്വന്തം ശരീരത്തിന്റെ അവസ്ഥ മനസ്സിലാക്കി മാത്രം ഇത്തരം പൗഡറുകൾ ഉപയോഗിക്കുക. പൗഡറിനേക്കാൾ ഉപരിയായി നിങ്ങളുടെ ശരീരത്തിന് അത് ആഗിരണം ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് പ്രധാനമെന്നും ഡോക്ടർ പൂജ റെഡി കൂട്ടിച്ചേർത്തു.