കേൾക്കുമ്പോൾ ഒരു കെട്ടുകഥയായി തോന്നാമെങ്കിലും, ഒരു ഗ്രാമം നേരിടുന്ന കടുത്ത പ്രതിസന്ധി കാരണം അവിടുത്തെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിലെ പുരുഷന്മാരാണ് 40 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ഈ ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ഒരൊറ്റ മാതാപിതാക്കളും തയ്യാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗ്രാമത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ജലക്ഷാമമാണ് ഇവിടുത്തെ യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വെള്ളമില്ലാത്ത ഒരു നാട്ടിലേക്ക് പെൺമക്കളെ അയച്ചാൽ അവർ കഷ്ടപ്പെടുമെന്ന ഭയമാണ് മറ്റ് ഗ്രാമങ്ങളിലുള്ളവർക്ക്. യുവാക്കളുടെ വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തിക സ്ഥിതിയോ ഒന്നും തന്നെ പെൺവീട്ടുകാർക്ക് പ്രശ്നമല്ല, മറിച്ച് കുടിവെള്ള പ്രശ്നമാണ് ഈ വിവാഹങ്ങൾക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്. നേരം വെളുക്കുമ്പോൾ തന്നെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം വെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് മുധാര ഗ്രാമത്തിൽ ഉടനീളം കാണാൻ കഴിയുക.
കുടിവെള്ളം ശേഖരിക്കാൻ വേണ്ടി മാത്രം ദിവസവും കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നത് ഇവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി വെള്ളമെത്തിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോടികൾ ചിലവഴിച്ച് നടപ്പിലാക്കിയ ഈ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിൽ നിന്ന് ഇതുവരെ ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികൾ കുറ്റപ്പെടുത്തുന്നത്.
വിവാഹപ്രായമെത്തിയ നാൽപ്പതോളം യുവാക്കൾ ഇപ്പോൾ ഈ ഗ്രാമത്തിലുണ്ട്. എന്നാൽ ഇവിടെ വെള്ളമില്ലാത്തതിനാൽ ആരും പെൺമക്കളെ നൽകാൻ താല്പര്യപ്പെടുന്നില്ലെന്നും, മുധാരയിലെ ജലക്ഷാമത്തെക്കുറിച്ച് അറിയുന്നതോടെ ആളുകൾ ആലോചനകളിൽ നിന്ന് പിന്മാറുകയാണെന്നും ഗ്രാമീണർ വ്യക്തമാക്കുന്നു.




