മുല്ലൻപുരിലെ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് (വേപ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയേറുന്നു. സംഭവത്തിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16-ാം ഓവറിൽ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഈ സമയത്ത് ടീമിലെ മറ്റു താരങ്ങളായ യശസ്വി ജയ്‌സ്വാൾ, യുധ്‌വീർ സിങ്, കുൽദീപ് സെൻ എന്നിവരും പരാഗിന് ഒപ്പമുണ്ടായിരുന്നു.
ബിസിസിഐയുടെ നിയമങ്ങൾ പ്രകാരം സ്റ്റേഡിയത്തിനുള്ളിലെ പ്രത്യേക മേഖലകളിലല്ലാതെ പുകവലിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ 2019 മുതൽ നിയമപരമായി നിരോധിക്കപ്പെട്ട ഇ-സിഗരറ്റ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. കേന്ദ്ര നിയമപ്രകാരം ഈ കുറ്റത്തിന് ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാം.
ദൃശ്യങ്ങൾ വ്യക്തമായ സാഹചര്യത്തിൽ പരാഗിനെതിരെ ക്രിമിനൽ കേസെടുക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ താരത്തിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കാം. പരാഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് തീർത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു. ചുറ്റും ഇത്രയധികം ക്യാമറകൾ ഉണ്ടെന്നിരിക്കെ ഇത്തരമൊരു പ്രവർത്തി ചെയ്തത് വലിയ തെറ്റാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കളിക്കാരുടെ ഡ്രസ്സിങ് റൂമിലെ സ്വകാര്യതയെക്കുറിച്ച് നേരത്തെ തന്നെ ചില ക്യാപ്റ്റന്മാർ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ഐപിഎൽ വൃത്തങ്ങൾ വെളിപ്പെടുത്തി. സീസണ് മുന്നോടിയായി നടന്ന യോഗത്തിൽ ഡ്രസ്സിങ് റൂമിലെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെ ചിലർ എതിർത്തിരുന്നു.
വസ്ത്രം മാറുന്ന സമയത്തോ മറ്റോ ക്യാമറകൾ വരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് സംപ്രേക്ഷണക്കാരാണെന്ന മറുപടിയാണ് അന്ന് ലഭിച്ചത്. പരാഗിന്റെ വേപ്പിങ് വിവാദമായതോടെ ഡ്രസ്സിങ് റൂമിൽ ക്യാമറകൾ ഉപയോഗിക്കുന്ന കാര്യത്തിൽ ബിസിസിഐ പുനർചിന്ത നടത്തിയേക്കുമെന്നും സൂചനയുണ്ട്. രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ് ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




