2025-ൽ മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സോനം രഘുവംശിക്ക് കോടതി ജാമ്യം അനുവദിച്ചു. മുൻപ് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും, ഇത്തവണ നിയമരേഖകളിലെ ഒരു ‘സാങ്കേതിക പിശക്’ കാരണമാണ് സോനത്തിന് ജാമ്യം ലഭിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതക കുറ്റത്തിന് സെക്ഷൻ 103 (1) ആണ് ചുമത്തേണ്ടത്. എന്നാൽ സോനത്തിന്റെ അറസ്റ്റ് രേഖകളിൽ സെക്ഷൻ 403 (1) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ നിയമമനുസരിച്ച് BNS-ൽ ഇത്തരമൊരു വകുപ്പില്ല.
അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് എന്ത് കുറ്റത്തിനാണ് തന്നെ പിടികൂടിയതെന്ന് അറിയാനുള്ള അവകാശമുണ്ട്. എന്നാൽ സോനത്തിന്റെ കാര്യത്തിൽ മിക്ക രേഖകളിലും തെറ്റായ വകുപ്പാണ് ചേർത്തിരുന്നതെന്നും ഇത് കേവലം ഒരു ക്ലറിക്കൽ പിശകായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ആദ്യം കോടതിയിൽ ഹാജരാക്കിയപ്പോൾ സോനത്തിന് വേണ്ടി വാദിക്കാൻ അഭിഭാഷകൻ ഉണ്ടായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.
കർശനമായ നാല് നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ല, എല്ലാ കോടതി അവധി ദിവസങ്ങളിലും ഹാജരാകണം, അനുവാദമില്ലാതെ കോടതി പരിധി വിട്ടു പോകരുത്, 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരെയും ഹാജരാക്കണം എന്നിവയാണ് വ്യവസ്ഥകൾ.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള വ്യവസായിയായ രാജ രഘുവംശിയും സോനവും 2025 മെയ് 11-നാണ് വിവാഹിതരായത്. തുടർന്ന് മെയ് 20-ന് ഇവർ മേഘാലയയിലേക്ക് ഹണിമൂണിന് പോയി. അവിടെ വെച്ച് സോനവും കാമുകനും ചേർന്ന് രാജയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. വാടകക്കൊലയാളികളെ ഉപയോഗിച്ച് രാജയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിൽ തള്ളി. ശേഷം ഉത്തർപ്രദേശിലെ ഒരു ധാബയിൽ വെച്ചാണ് സോനം പിടിയിലായത്. ഈ കേസിലെ മറ്റ് പ്രതികൾ ഇപ്പോഴും ജയിലിലാണ്.




