ലോകമെമ്പടുമുള്ള വൈദ്യശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട്, ഹൃദയമിടിപ്പ് നിലച്ച് ഏകദേശം 40 മണിക്കൂറോളം കഴിഞ്ഞ ഒരു ചൈനീസ് സ്വദേശി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനൂതനമായ ലൈഫ് സപ്പോർട്ട് സാങ്കേതികവിദ്യയുടെയും ഡോക്ടർമാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഉണ്ടായ ഈ സംഭവത്തെ ഒരു “മെഡിക്കൽ മിറാക്കിൾ” എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്.
സെക്കൻഡ് അഫിലിയേറ്റഡ് ഹോസ്പിറ്റൽ ഓഫ് ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ലു സിയാവോ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ അപൂർവ്വ അനുഭവം പങ്കുവെച്ചത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഷോക്ക് നൽകി (Defibrillation) തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നാഡിമിടിപ്പ് പോലും നിലച്ച അതീവ ഗുരുതരാവസ്ഥയിൽ, ഡോക്ടർമാർ ‘എക്മോ’ (ECMO – Extracorporeal Membrane Oxygenation) എന്ന അത്യാധുനിക സംവിധാനം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ധർമ്മം താൽക്കാലികമായി ഏറ്റെടുക്കുന്ന ഒരു കൃത്രിമ സംവിധാനമാണ് എക്മോ. ഇത് ശരീരത്തിന് പുറത്ത് രക്തം ശുദ്ധീകരിക്കുകയും ഓക്സിജൻ കലർത്തി തിരികെ പമ്പ് ചെയ്യുകയും ചെയ്യുന്നു.
ഹൃദയം നിലച്ച അവസ്ഥയിലും തലച്ചോറിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കും രക്തമെത്തിക്കാൻ ഇത് സഹായിച്ചു. ഏകദേശം 40 മണിക്കൂറോളം ഹൃദയമിടിപ്പില്ലാതെ ഈ മെഷീന്റെ സഹായത്തോടെ ഇദ്ദേഹത്തെ നിലനിർത്തി. പത്ത് ദിവസത്തോളം എക്മോ സപ്പോർട്ടിൽ കഴിഞ്ഞ ശേഷം ഇദ്ദേഹത്തിന്റെ ഹൃദയം സ്വയം പ്രവർത്തിച്ചുതുടങ്ങി.
ഹൃദയസ്തംഭനത്തിന് ശേഷം ദീർഘനേരം കഴിയുമ്പോൾ സാധാരണയായി ഉണ്ടാകാറുള്ള പക്ഷാഘാതം, വൃക്ക തകരാർ, തലച്ചോറിനുള്ള ക്ഷതം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലാതെ 20 ദിവസത്തിന് ശേഷം അദ്ദേഹം സ്വന്തം കാലിൽ നടന്ന് ആശുപത്രി വിട്ടു എന്നത് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി. സാധാരണ സി.പി.ആർ (CPR) നൽകിയാൽ രക്ഷപ്പെടാൻ 1 ശതമാനം മാത്രം സാധ്യതയുള്ള ഇത്തരം സാഹചര്യങ്ങളിൽ എക്മോ ചികിത്സയിലൂടെ 50 ശതമാനം വരെ ജീവൻ നിലനിർത്താനാകും.
രക്തം കട്ടപിടിക്കാനും അമിതമായ രക്തസ്രാവത്തിനും സാധ്യതയുള്ളതിനാൽ വളരെ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിൽ മാത്രമേ എക്മോ ചികിത്സ നൽകാൻ സാധിക്കൂ. അതീവ ചിലവേറിയ ഈ ചികിത്സാരീതി എല്ലാവർക്കും പ്രാപ്യമല്ല എന്ന പരിമിതിയും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, വൈദ്യശാസ്ത്രം എത്രത്തോളം വളർന്നു എന്നതിന്റെ തെളിവാണ് ഈ അത്ഭുതകരമായ അതിജീവനം. കൃത്യസമയത്തുള്ള ഇടപെടലും അത്യാധുനിക സാങ്കേതികവിദ്യയും ചേർന്നപ്പോൾ മരണത്തിന്റെ വക്കിൽ നിന്നും ഒരു മനുഷ്യജീവൻ കൂടി രക്ഷിക്കപ്പെട്ടിരിക്കുകയാണ്.




