Featured Good News

ഷർട്ട് പോലുമിടാതെ ഓടിപ്പാഞ്ഞെത്തി, യുകെയിൽ കുരുന്നിന്റെ ജീവൻ കാത്ത് മലപ്പുറത്തുകാരൻ! വീഡിയോ

ലണ്ടനിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ് കൈയടി നേടുന്നു. ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീലാണ് പോലീസിനൊപ്പം ചേര്‍ന്ന് സാഹസികമായി കുട്ടിയുടെ ജീവൻ രക്ഷിച്ചത്. മുകളിൽ നിന്നും പിടിവിട്ട് താഴേക്ക് പതിച്ച കുട്ടി നേരെ വീണത് ജസീലിന്റെ കൈകളിലേക്കായിരുന്നു.

ഈസ്റ്റ് ലണ്ടൻ ഇൽഫോഡിലെ ഒരു കെട്ടിടത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഏതുനിമിഷവും താഴേക്ക് വീഴാവുന്ന നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടത്. ആളുകൾ ചുറ്റുംകൂടി നിലവിളിക്കുന്നതിനിടെ ഒരു പോലീസുകാരൻ കുട്ടിയെ രക്ഷിക്കാൻ കെട്ടിടത്തിന് മുകളിലേക്ക് കയറി. തൊട്ടുപിന്നാലെ ജസീലും അങ്ങോട്ട് ഓടിയെത്തുകയും ഇരുവരും കുട്ടിയുടെ തൊട്ടുതാഴെയായി നിലയുറപ്പിക്കുകയും ചെയ്തു. ഒടുവിൽ താഴേക്ക് വീണ കുട്ടിയെ ജസീൽ സുരക്ഷിതമായി കൈകളിൽ താങ്ങുകയായിരുന്നു. കുട്ടിക്ക് പരിക്കുകളൊന്നുമില്ല.

സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ പുറത്തുനിന്നും ബഹളം കേട്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ജസീൽ ഈ ദൃശ്യം കണ്ടത്. ഷർട്ട് പോലും ധരിക്കാൻ നിൽക്കാതെ, കുട്ടി അപകടത്തിൽപെട്ടത് കണ്ടയുടൻ മറ്റൊന്നും ആലോചിക്കാതെ ഓടിയെത്തുകയായിരുന്നു എന്ന് ജസീൽ പറഞ്ഞു. ഒരാൾക്ക് മാത്രം കഷ്ടിച്ച് നിൽക്കാൻ പറ്റുന്ന സ്ഥലമേ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും ദൈവാനുഗ്രഹം കൊണ്ടാണ് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലംകോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സുലൈമാൻ മാന്തടത്തിന്റെ മകനായ ജസീൽ, ഈസ്റ്റ് ഹാമിലെ അനന്തപുരം റസ്റ്റോറന്റിൽ മാനേജരായി ജോലി ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *