Celebrity

‘അയാള്‍ എന്റെ കാരവാനില്‍ കയറി ഷര്‍ട്ട് ഊരി മാറ്റി; ഞാന്‍ വിറയ്ക്കുകയായിരുന്നു’; അനുഭവം പറഞ്ഞ് കാജല്‍

നേരിൽ കാണുമ്പോൾ ആരാധകർ കാണിക്കുന്ന സ്‌നേഹവും പിന്തുണയും താരങ്ങൾക്ക് പലപ്പോഴും വല്ലാത്ത സന്തോഷമാണ് നൽകുന്നത്; എന്നാൽ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കാറുണ്ട്. അത്തരത്തിൽ ഒരു സിനിമാ സെറ്റിൽ തനിക്കുണ്ടായ പീഡനകരവും ഭയപ്പെടുത്തുന്നതുമായ അനുഭവം തുറന്നുപറയുകയാണ് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. താൻ വിശ്രമിക്കുകയായിരുന്ന കാരവാനിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറി അസിസ്റ്റന്റ് ഡയറക്ടർ ചെയ്ത പ്രവൃത്തിയാണ് താരത്തെ വല്ലാതെ ഞെട്ടിച്ചത്.

ഷൂട്ടിങ് പൂർത്തിയാക്കി കാരവാനിൽ വിശ്രമിക്കുമ്പോഴാണ് ആ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നയാൾ യാതൊരു അനുമതിയും കൂടാതെ അകത്തേക്ക് കയറിവന്നത്. തുടർന്ന് പെട്ടെന്ന് തന്നെ ധരിച്ചിരുന്ന ഷർട്ട് ഊരിമാറ്റിയ അയാൾ തന്റെ നെഞ്ചിൽ പച്ചകുത്തിയിരുന്ന കാജലിന്റെ പേര് കാണിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത സംഭവത്തിൽ താൻ വല്ലാതെ ഭയന്നുപോയെന്നും കൈകാലുകൾ വിറച്ചുപോയെന്നും കാജൽ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘കുറച്ചു ദിവസങ്ങൾക്ക് മുൻപ്, ഒരു സിനിമയുടെ സെറ്റിൽ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. ആ സമയം, അസിസ്റ്റന്റ് ഡയറക്ടറായ ഒരാൾ പെട്ടെന്ന് അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നു. അയാൾ പെട്ടെന്ന് ഷർട്ട് അഴിച്ച്, നെഞ്ചിൽ എന്റെ പേര് ടാറ്റൂ ചെയ്തത് കാണിച്ചുതന്നു. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി, എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു’– കാജൽ ഓർത്തെടുത്തു.

തന്റെ പേര് പച്ചകുത്തിയത് അമിതമായ ആരാധന കൊണ്ടാണെങ്കിലും ഒരു സ്ത്രീ തനിച്ചിരിക്കുന്ന മുറിയിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയത് തികച്ചും തെറ്റായ പെരുമാറ്റമാണെന്ന് നടി ചൂണ്ടിക്കാട്ടി. എത്ര വലിയ ആരാധകനായാലും ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം രീതികൾ കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി താൻ അയാളെ അവിടെനിന്ന് പുറത്താക്കുകയായിരുന്നുവെന്നും കാജൽ കൂട്ടിച്ചേർത്തു.

2004-ൽ പുറത്തിറങ്ങിയ ‘ക്യൂൻ! ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കാജൽ, എസ്.എസ്. രാജമൗലിയുടെ ‘മഗധീര’യിലൂടെയാണ് മുൻനിര താരപദവിയിലേക്ക് ഉയർന്നത്. തുടർന്ന് ‘ഡാർലിങ്’, ‘ആര്യ ടു’, ‘സിങ്കം’, ‘സ്പെഷൽ 26’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. നിലവിൽ തന്റെ പുതിയ ചിത്രമായ ‘ദ ഇന്ത്യ സ്റ്റോറി’യുടെ റിലീസ് തിരക്കുകളിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *