നവീന ഹോളിവുഡ് സിനിമാചരിത്രത്തിൽ പ്രതിഭ കൊണ്ടും ദീർഘവീക്ഷണം കൊണ്ടും സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത നടനാണ് മാറ്റ് ഡെയ്‌മൻ. ഹാർവർഡിലെ ക്ലാസ് മുറികളിൽ നിന്ന് തുടങ്ങി ഇന്ന് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ എന്ന ദൃശ്യവിസ്മയത്തിൽ ‘ഒഡീസിയസ്’ എന്ന ഇതിഹാസ കഥാപാത്രമായി അരങ്ങുവാഴുമ്പോൾ, അത് കേവലം ഒരു സിനിമയുടെ വിജയമല്ല – പണം കൊയ്ത് ശതകോടികളുടെ സാമ്രാജ്യം പണിതുയർത്തിയ ഒരു മഹാനടന്റെ ജീവിതരേഖയാണ്.
സ്വപ്നങ്ങളുമായി വണ്ടികയറിയ ബോസ്റ്റൺകാരനിൽ നിന്ന് ഇന്ന് കാണുന്ന 170 മില്യൻ ഡോളർ (ഏകദേശം 1633 കോടി രൂപ) ആസ്തിയുള്ള രാജ്യാന്തര സൂപ്പർതാരത്തിലേക്കുള്ള മാറ്റ് ഡെയ്‌മന്റെ യാത്ര അത്ര സുഗമമായിരുന്നില്ല. കേംബ്രിജിലെ തെരുവുകളിൽ വളർന്ന മാറ്റ് ഡെയ്‌മനും അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബെൻ ആഫ്ലെക്കും അഭിനയമോഹങ്ങളുമായി ന്യൂയോർക്കിലേക്ക് യാത്ര ചെയ്ത ഒരു കാലമുണ്ടായിരുന്നു. കുടുംബങ്ങൾക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന കാലത്ത്, ‘ദ് മിക്കി മൗസ് ക്ലബ്ബ്’ ഓഡിഷനുകളിൽ പങ്കെടുക്കാൻ വരിനിൽക്കുമ്പോൾ അവർക്ക് പരസ്പരമുള്ള വിശ്വാസം മാത്രമായിരുന്നു കൂട്ട്. ഹാർവർഡ് യൂണിവേഴ്സിറ്റിയിലെ പഠനം ഉപേക്ഷിച്ച്, അഭിനയ ലോകത്ത് അടിപതറാതെ നിലനിൽക്കാൻ അവർ കാണിച്ച ആത്മവിശ്വാസം പിന്നീട് ചരിത്രമായി മാറുകയാണുണ്ടായത്.
1997-ൽ പുറത്തിറങ്ങിയ ‘ഗുഡ് വിൽ ഹണ്ടിങ്’ എന്ന ചിത്രമാണ് മാറ്റ് ഡെയ്‌മന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. ബെൻ ആഫ്ലെക്കുമായി ചേർന്ന് എഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഇരുവർക്കും ഓസ്കർ പുരസ്കാരം ലഭിച്ചു. കേവലം 1 കോടി ഡോളർ ബജറ്റിലൊരുങ്ങിയ ചിത്രം ആഗോളതലത്തിൽ 22.5 കോടി ഡോളറാണ് കൊയ്തെടുത്തത്. തുടർന്ന് സ്റ്റീവൻ സ്പീൽബർഗിന്റെ ‘സേവിങ് പ്രൈവറ്റ് റയാൻ’, ക്രിസ്റ്റഫർ നോളന്റെ ‘ഇന്റർസ്റ്റെല്ലാർ’, ‘ഓപ്പൺഹൈമർ’, കൂടാതെ ‘ദ് മാർഷ്യൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഹോളിവുഡിലെ ഏറ്റവും വിശ്വസ്തനായ ബോക്സ് ഓഫിസ് താരമായി മാറി.
മാറ്റ് ഡെയ്‌മനെ ഒരു മാസ് ആക്ഷൻ ഹീറോയായി മാറ്റിയത് ‘ജെയിസൺ ബോൺ’ സീരീസുകളാണ്. 2007-ൽ പുറത്തിറങ്ങിയ ‘ദി ബോൺ അൾട്ടിമേറ്റം’ എന്ന ചിത്രത്തിനായി അദ്ദേഹം കൈപ്പറ്റിയത് 2.6 കോടി ഡോളറാണ്. ചിത്രത്തിൽ ഡെയ്‌മൻ സംസാരിച്ച ഓരോ ഡയലോഗിനും ഏകദേശം 10 ലക്ഷം ഡോളർ വീതം പ്രതിഫലം ലഭിച്ചു എന്ന റിപ്പോർട്ടുകൾ അന്ന് സിനിമാ ലോകത്തെ വലിയ രീതിയിൽ അമ്പരപ്പിച്ചിരുന്നു.
ബോക്സ് ഓഫീസിൽ കോടികൾ കൊയ്യുന്ന നോളൻ-ഡെയ്‌മൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ദ് ഒഡീസി’. ബിസി 750-ൽ ഹോമർ എഴുതിയ ഇതിഹാസ കാവ്യത്തിലെ ‘ഒഡീസിയസ്’ എന്ന വീരനായകനായി മാറ്റ് ഡെയ്‌മൻ എത്തുമ്പോൾ പ്രേക്ഷകർ കാണുന്നത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും കഠിനാധ്വാനം നിറഞ്ഞ വേഷമാണ്. തന്റെ കരിയറിൽ ചെയ്തതിൽ വച്ച് ഏറ്റവും പ്രയാസമേറിയ സിനിമയാണിതെന്നും മറ്റൊന്നുമായും ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഡെയ്‌മൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 55-ാം വയസ്സിലും ശാരീരികക്ഷമത നിലനിർത്തിക്കൊണ്ട് ചെയ്ത ഈ വേഷത്തിനായി 1.5 കോടി ഡോളറാണ് (ഏകദേശം 144 കോടി രൂപ) അദ്ദേഹം പ്രതിഫലമായി വാങ്ങിയത്. ബിഗ് സ്‌ക്രീനിൽ വലിയ വിജയം നേടുന്ന ഈ ചിത്രം നടന്റെ ആസ്തി വീണ്ടും വർദ്ധിപ്പിക്കാൻ വഴിയൊരുക്കുകയാണ്.
മാറ്റ് ഡെയ്‌മന്റെയും ബെൻ ആഫ്ലെക്കിന്റെയും അര നൂറ്റാണ്ടോളമെത്തുന്ന സൗഹൃദം കേവലം ഒരു വ്യക്തിബന്ധത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഇരുപതുകളിലെ ആവേശത്തിൽ നിന്ന് അൻപതുകളുടെ പക്വതയിലെത്തിയപ്പോൾ ഇരുവരും ചേർന്ന് ‘ആർട്ടിസ്റ്റ്സ് ഇക്വിറ്റി’ എന്ന പ്രൊഡക്ഷൻ കമ്പനിക്ക് രൂപം നൽകി. അടുത്തിടെ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ‘ദി റിപ്പ്’, ഗില്ലിയൻ ആൻഡേഴ്സണും സ്റ്റീവൻ യൂനും അഭിനയിക്കുന്ന അടുത്ത ചിത്രമായ ‘ആനിമൽസ്’ തുടങ്ങിയവയിലൂടെ നിർമാണ രംഗത്തും വലിയൊരു ബിസിനസ് സാമ്രാജ്യമാണ് ഇവർ കെട്ടിപ്പടുക്കുന്നത്.
ക്ലാസ് മുറിയിൽ നിന്ന് സിനിമാ സ്വപ്നങ്ങളുമായി ഇറങ്ങിത്തിരിച്ച ഒരു സാധാരണ ചെറുപ്പക്കാരനിൽ നിന്ന്, ബോക്സ് ഓഫിസിനെ വിറപ്പിക്കുന്ന കഥാപാത്രങ്ങളിലേക്ക് മാറ്റ് ഡെയ്‌മൻ വളർന്നത് കൃത്യമായ കഠിനാധ്വാനവും നിലപാടുകളും കൊണ്ടാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ട്, അൻപതുകളിലും ഹോളിവുഡിലെ മുൻനിര താരമായി തുടരുന്ന ഡെയ്‌മന്റെ ജീവിതം ഏതൊരു സിനിമാ പ്രേമിക്കും വലിയൊരു പ്രചോദനം തന്നെയാണ്.




