Celebrity Featured

‘കാസ്റ്റിങ് ഡയറക്ടറുടെ ആ ഒറ്റ വാചകം, പിന്നെ പത്ത് വർഷം ഞാൻ ചിരിച്ചില്ല’, അനുഭവം പറഞ്ഞ് നേഹാ ധൂപിയ

തന്റെ ജീവിതത്തിൽ നിന്ന് പുഞ്ചിരി മാഞ്ഞുപോയ പത്ത് വർഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി നേഹാ ധൂപിയ. കരിയറിന്റെ തുടക്കത്തിൽ ഒരു കാസ്റ്റിങ് ഡയറക്ടർ നടത്തിയ മോശം പരാമർശമാണ് തന്റെ ചിരി ഇല്ലാതാക്കിയതെന്നും, ഈ സംഭവം വർഷങ്ങളോളം ആത്മവിശ്വാസം തകർത്ത് തന്നെ വേട്ടയാടിയെന്നും താരം വെളിപ്പെടുത്തി. നടി ഹുമാ ഖുറേഷിയുമായി നടത്തിയ ഒരു സംഭാഷണത്തിലാണ് നേഹ ഈ പഴയ കാര്യങ്ങൾ പങ്കുവെച്ചത്.

കരിയറിന്റെ ഏറ്റവും ആദ്യ നാളുകളിലാണ് ആ കയ്പേറിയ സംഭവം ഉണ്ടായതെന്ന് നേഹ ഓർക്കുന്നു. ഒരു ടിവി ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാൻ കാസ്റ്റിങ് ഡയറക്ടറുടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു താരം. ആ സമയത്ത് അയാൾ തന്നെ നോക്കിയപ്പോൾ താൻ സ്നേഹത്തോടെ ഒന്ന് പുഞ്ചിരിച്ചുവെന്നും, എന്നാൽ ‘നീ ചിരിക്കരുത്, നിന്റെ ചിരി കാണാൻ വലിയ ഭംഗിയൊന്നുമില്ല’ എന്നായിരുന്നു അയാളുടെ മറുപടിയെന്നും നേഹ പറഞ്ഞു. മറ്റുള്ളവർക്ക് ഇത് കേവലം ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും, തന്നെ അത് മാനസികമായി ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും ജോലിയോടുള്ള തന്റെ സമീപനത്തെപ്പോലും അത് മാറ്റിയെന്നും നടി കൂട്ടിച്ചേർത്തു.

കാസ്റ്റിങ് ഡയറക്ടറുടെ ആ വാക്ക് കാരണം ഏകദേശം പത്ത് വർഷത്തോളം താൻ ഫോട്ടോകൾക്കോ ഓഡിഷനുകൾക്കോ വേണ്ടി ചിരിക്കാറില്ലായിരുന്നുവെന്ന് നേഹ വ്യക്തമാക്കി. തന്റെ ചിരിക്ക് എന്തോ കുഴപ്പമുണ്ടെന്ന് താനും വിശ്വസിച്ചുപോയിരുന്നു. മിസ് ഇന്ത്യാ കിരീടം ചൂടിയ സമയത്തെ ചിത്രങ്ങളിൽ പോലും തന്റെ ചിരിക്കുന്ന മുഖം കാണാൻ കഴിയില്ലെന്ന് താരം ഓർത്തെടുത്തു. പിന്നീട് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പരാജയപ്പെട്ടതും വലിയ രീതിയിൽ മാനസികമായി തളർത്തിക്കളഞ്ഞു. മാസങ്ങളോളം എടുത്താണ് താൻ ആ അവസ്ഥയിൽ നിന്ന് പുറത്തുകടന്നതെന്നും നേഹ പറഞ്ഞു.

നേഹയുടെ ഈ തുറന്നുപറച്ചിൽ കേട്ടപ്പോൾ നടി ഹുമാ ഖുറേഷിയും സമാനമായ ഒരു അനുഭവം പങ്കുവെച്ചു. തന്റെ രണ്ടാമത്തെ സിനിമ റിലീസ് ചെയ്ത സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ക്രൂരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും, ആ മോശം കമന്റുകൾ മാനസികമായി തളർത്തിയതിനെത്തുടർന്ന് തനിക്ക് തെറാപ്പിയുടെ സഹായം തേടേണ്ടി വന്നുവെന്നും ഹുമ വെളിപ്പെടുത്തി.