Crime

ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു, കുഞ്ഞിനെ വേണ്ട; നവജാതശിശുവിനെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതി

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ നവജാതശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ പത്തൊമ്പതുകാരിയായ യുവതിയുടെ മൊഴി പുറത്ത്. തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് യുവതി ആലപ്പുഴ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) ഔദ്യോഗികമായി അറിയിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ലെന്നും, താന്‍ ഗര്‍ഭിണിയായതോ പ്രസവിച്ചതോ അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് യുവതിയുടെ മൊഴി.

നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഈ യുവതി. യുവതിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനിയത്തിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കഴിഞ്ഞ മൂന്നുമാസമായി യുവതി വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് യുവതി ഡിസ്ചാര്‍ജ് ആകുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റാനാണ് തീരുമാനം.

അവിടെ അറുപത് ദിവസം കുഞ്ഞിനെ പരിചരിക്കും. ഈ സമയത്തിനുള്ളില്‍ വേണമെങ്കില്‍ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ കൊണ്ടുപോകാം. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞാല്‍ ശിശുക്ഷേമസമിതി കുഞ്ഞിനെ പൂര്‍ണ്ണമായി ഏറ്റെടുക്കും, അതുകഴിഞ്ഞാല്‍ അമ്മയ്ക്ക് അവകാശമുന്നയിക്കാന്‍ കഴിയില്ല. അതേസമയം, കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.ഡബ്ല്യു.സി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ വഴി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിക്കുകയും, പെണ്‍കുഞ്ഞിനെ ജനാല വഴി പുറത്തേക്ക് എറിയുകയും ചെയ്തത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയ ശേഷം അമ്മയ്‌ക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ നവജാതശിശുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.