മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ പതിനയ്യായിരത്തിലധികം ആളുകളെ എലിവിഷം കലർത്തിയ ഗുളികകൾ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഫയാസ് പ്രേംജിക്ക്, അതിനുള്ള ആശയം ലഭിച്ചത് സ്വന്തം വീട്ടിലെ എലിശല്യത്തിൽ നിന്നാണെന്ന് പൊലീസ്. പുണെയിലെ തന്റെ വീടിന് സമീപം കടുത്ത എലിശല്യമായിരുന്നെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു.
ഗുളികകൾ തയ്യാറാക്കാൻ പ്രേംജി ഉപയോഗിച്ച ‘സിങ്ക് ഫോസ്ഫൈഡ്’ എലിവിഷം നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മാരകമായ പൊടിയാണ്. സിങ്ക് ഫോസ്ഫൈഡ് വ്യത്യസ്ത അളവിൽ മനുഷ്യശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയാൾ ഗൂഗിളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (എഐ) വിശദമായി തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ ബൈക്കുളയിൽ വെച്ച് നടന്ന മുഹറം ഘോഷയാത്രയ്ക്കിടയിലാണ് പ്രേംജി പിടിയിലാകുന്നത്. വേദനസംഹാരികളാണെന്ന് പറഞ്ഞ് ഇയാൾ വിഷഗുളികകൾ വിതരണം ചെയ്യുന്നതിനിടെ ചില വനിതാ വൊളന്റിയർമാർക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു. അപ്പോഴേക്കും ഗുളികകൾ കഴിച്ച ഏതാനും ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.
പുണെ വിമാൻ നഗർ സ്വദേശിയായ പ്രേംജി, പിതാവിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ഫാക്ടറിയിലായിരുന്നു ജോലി നോക്കിയിരുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള ഇയാൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇറാനും ഇറാഖും സന്ദർശിക്കുകയും അവിടെ ചില ജോലികളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ അമ്മയും സഹോദരിയും നിലവിൽ ഇറാനിലാണ് താമസിക്കുന്നത്.
2019 നും 2025 നും ഇടയിലുള്ള കാലയളവിൽ ഇയാൾ 19 തവണ വിദേശയാത്രകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെറും 19 ദിവസത്തിനുള്ളിൽ മൂന്ന് തവണ ഇയാൾ ഇറാൻ സന്ദർശിച്ചതായും രേഖകളിലുണ്ട്. ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഇയാളുടെ മാനസികനില തെറ്റിയിരുന്നതായി പുണെയിലെ അയൽക്കാർ വ്യക്തമാക്കുന്നു. മുപ്പതിനായിരം കാപ്സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്ഫൈഡും ഇയാൾ ഓർഡർ ചെയ്തിരുന്നതായും അറസ്റ്റിലാകുമ്പോൾ പതിനയ്യായിരത്തോളം വിഷഗുളികകൾ ഇയാളുടെ പക്കലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.




