Oddly News

പ്രസവവേദനയുമായെത്തി, ആശുപത്രി ഗേറ്റ് തുറന്നില്ല, ബൈക്കിൽ അടുത്ത ആശുപത്രിയിലേയ്ക്ക് യുവതി; വീഡിയോ വൈറൽ

മധ്യപ്രദേശിലെ ഷിയോപൂരിൽ പ്രസവവേദനയനുഭവിച്ച ഗർഭിണിയെ അർദ്ധരാത്രിയിൽ അരമണിക്കൂറോളം ആശുപത്രിക്ക് പുറത്ത് കാത്തുനിർത്തിച്ചതായി ആരോപണം. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. ഷിയോപൂർ ജില്ലയിലെ പ്രേംസർ മേഖലയിലുള്ള ഗാന്ധിനഗർ സബ് ഹെൽത്ത് സെന്ററിലാണ് ഈ ദയനീയ സംഭവം നടന്നത്.

മാൻപൂർ സ്വദേശിയും രാഹുൽ ബൈർവയുടെ ഭാര്യയുമായ 22 കാരി നികിത ബൈർവയ്ക്ക് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പ്രസവവേദന ആരംഭിച്ചത്. കുടുംബാംഗങ്ങൾ ഉടനടി ഇവരെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ, ആശുപത്രി കവാടത്തിൽ അരമണിക്കൂറോളം മുട്ടിവിളിച്ചിട്ടും ജീവനക്കാർ ആരും തന്നെ പ്രതികരിക്കുകയോ വാതിൽ തുറക്കുകയോ ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. യുവതി കടുത്ത വേദനയോടെ ആശുപത്രിക്ക് പുറത്ത് നിൽക്കുന്നതും ജീവനക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ കുടുംബം ആവത് ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ ആശുപത്രിക്ക് ഉള്ളിലേക്ക് കടക്കാൻ തങ്ങൾക്ക് കവാടം ബലമായി തള്ളിത്തുറക്കേണ്ടി വന്നതായും കുടുംബം പറഞ്ഞു.

“ഇത് എന്റെ സഹോദരിയാണ്, അവൾ കുറെ നേരമായി കഠിനമായ വേദന അനുഭവിക്കുന്നു. ഇതൊരു പ്രസവ കേസ് ആണ്. ഞാൻ കഴിഞ്ഞ അരമണിക്കൂറായി ഇവിടെ കിടന്ന് ബഹളം വെക്കുന്നു, വാതിലിൽ മുട്ടുന്നു. പക്ഷേ ഇവിടുള്ളവർ ആരും തന്നെ എഴുന്നേൽക്കുന്നോ പ്രതികരിക്കുന്നോ ഇല്ല,” എന്ന് നിരാശനായ സഹോദരൻ പറയുന്നതും വേദനയോടെയുള്ള യുവതിയുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ആശുപത്രിക്ക് ഉള്ളിൽ കടന്നിട്ടും യുവതിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഉടനടി ചികിത്സ നൽകാൻ ജീവനക്കാർ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. തുടർന്ന് യുവതിയെ ഒരു മോട്ടോർസൈക്കിളിൽ ഷിയോപൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ അവൾ ഒരു പെൺകുഞ്ഞിന് സുരക്ഷിതമായി ജന്മം നൽകുകയും ചെയ്തു.

ഈ സംഭവം സബ് ഹെൽത്ത് സെന്ററുകളിലെ അടിയന്തര ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ആശുപത്രി ജീവനക്കാർക്കെതിരെയുള്ള ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് അധികൃതർ ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗർഭിണികൾക്കായി 24 മണിക്കൂറും അടിയന്തര സേവനങ്ങൾ ലഭ്യമാണോ എന്ന കാര്യത്തിൽ ഈ സംഭവം വലിയ ചോദ്യചിഹ്നം ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *