വിവാഹബന്ധത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ശേഷം മരിച്ചെന്നു കരുതി റോഡരികിൽ ഉപേക്ഷിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വധശ്രമത്തിന് പൊലീസ് ഇയാളെ പിടികൂടിയത്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കടുത്ത തർക്കവും കലഹവുമുണ്ടായി.
തുടർന്നുണ്ടായ ക്രൂരമായ മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതിയ നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. പുലർച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി കഷ്ടപ്പെട്ട് ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്‌ഷനിൽ എത്തുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി അറസ്റ്റിലായത്.




