ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ . രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന വലിയ വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടക്കുകയായിരുന്നു. വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 77 പന്തിൽ നിന്ന് 167 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ ഗുജറാത്ത് മത്സരത്തിൽ പൂർണ്ണ ആധിപത്യം നേടിയിരുന്നു. 53 പന്തുകൾ നേരിട്ട ഗിൽ മൂന്ന് സിക്സും 15 ഫോറുമടക്കം 104 റൺസെടുത്താണ് പുറത്തായത്. 32 പന്തുകൾ നേരിട്ട സുദർശൻ ഒരു സിക്സും എട്ട് ഫോറുമടക്കം 58 റൺസ് നേടി.
ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ പുറത്തായതുപോലെ, ബാറ്റ് കൈയിൽ നിന്ന് വഴുതി വിക്കറ്റിലേക്ക് വീണാണ് ഈ മത്സരത്തിലും സുദർശൻ ഔട്ടായത്. ഗില്ലും സുദർശനും ക്രീസിൽ നിലയുറപ്പിച്ചതോടെ രാജസ്ഥാൻ ബൗളർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് വാഷിങ്ടൺ സുന്ദർ 16 റൺസെടുത്ത് പുറത്തായപ്പോൾ, ജോസ് ബട്ട്ലറും (9*) രാഹുൽ തെവാട്ടിയയും (17*) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
മത്സരത്തിന്റെ ടോസ് സമയത്തുണ്ടായ ആശയക്കുഴപ്പം ഒടുവിൽ ഗുജറാത്തിന് ഭാഗ്യമായി മാറി. ഈ മത്സരത്തിൽ രണ്ടുതവണ ടോസ് ഇടേണ്ടി വന്നിരുന്നു. ടോസ് സമയത്ത് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് വിളിച്ചത് എന്താണെന്ന് മാച്ച് റഫറിക്ക് വ്യക്തമായി കേൾക്കാൻ കഴിയാതിരുന്നതാണ് വീണ്ടും ടോസ് ഇടാൻ കാരണമായത്. ആദ്യതവണ നാണയം എറിഞ്ഞപ്പോൾ ‘ടെയിൽസ്’ ആണ് വീണത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ‘ഹെഡ്സ്’ എന്നാണ് വിളിച്ചിരുന്നത് എന്നതിനാൽ ആദ്യ ഫലം ഗുജറാത്ത് ടൈറ്റൻസിന് അനുകൂലമായിരുന്നു.
എന്നാൽ, പരാഗിന്റെ ശബ്ദം മാച്ച് റഫറി പ്രകാശ് ഭട്ടിന് വ്യക്തമായി കേൾക്കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് കമന്റേറ്റർ രവി ശാസ്ത്രി ടോസ് വീണ്ടും നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാമത് നടത്തിയ ടോസിൽ രാജസ്ഥാൻ റോയൽസ് വിജയിക്കുകയും അവർ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഗിൽ ഇതിൽ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ടോസ് കിട്ടിയിരുന്നെങ്കിൽ താനും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് ഗിൽ പിന്നീട് പറയുകയുണ്ടായി.
നേരത്തെ, യുവതാരം വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങ് കരുത്തിലാണ് ഗുജറാത്തിനെതിരേ രാജസ്ഥാൻ റോയൽസ് 215 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. വിക്കറ്റുകൾ വീണ പിച്ചിൽ, വമ്പനടികൾക്ക് മാത്രമല്ല ക്ഷമയോടെ ക്രീസിൽ നിൽക്കാനും തനിക്കാകുമെന്ന് വൈഭവ് തെളിയിച്ചു. 47 പന്തുകൾ നേരിട്ട താരം ഒടുവിൽ സെഞ്ചുറിക്ക് നാല് റൺസ് അകലെ (96) കാഗിസോ റബാദയുടെ പന്തിൽ പുറത്താവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതുപോലെ തേർഡ്മാൻ ഏരിയയിലേക്ക് പന്തടിച്ചാണ് വൈഭവ് ഇത്തവണയും ഔട്ടായത്. ഏഴു സിക്സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. ഇത്തവണ 31 പന്തിൽ നിന്നാണ് വൈഭവ് അർധ സെഞ്ചുറി തികച്ചത്, ഇത് താരത്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയായിരുന്നു.
വൈഭവിന്റെയും രവീന്ദ്ര ജഡേജയുടെയും കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിന് കരുത്തായത്. 65 പന്തുകൾ നീണ്ട ഈ സഖ്യം 127 റൺസ് ടീം സ്കോറിലേക്ക് സംഭാവന ചെയ്തു. മത്സരത്തിനിടെ പരിക്കേറ്റ് താൽക്കാലികമായി മടങ്ങിയ ജഡേജ പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടർന്നു. 35 പന്തുകൾ നേരിട്ട താരം 45 റൺസോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ഡോണോവൻ ഫെരെയ്രയുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ 200 കടത്തിയത്. വെറും 11 പന്തുകൾ മാത്രം നേരിട്ട ഫെരെയ്ര നാല് സിക്സും രണ്ട് ഫോറുമടക്കം 38* റൺസ് വാരിുകൂട്ടി. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സടക്കം 27 റൺസാണ് ഫെരെയ്ര അടിച്ചെടുത്തത്. അതേസമയം യശസ്വി ജയ്സ്വാൾ (1), ധ്രുവ് ജുറെൽ (7), ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ഷനക (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഗുജറാത്തിനായി റബാദയും ജേസൺ ഹോൾഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.




