ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരം വിവാദമായി. മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനെ പൊതുവേദിയില്‍ അപമാനിച്ചെന്ന പരാതിയാണു വിവാദമായത്. തുടര്‍ന്നു നിരവധി മത്സരാര്‍ത്ഥികള്‍ വേദിയില്‍നിന്നു ഇറങ്ങിപ്പോയി.മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനോട് മിസ് യൂണിവേഴ്‌സ് തായ്‌ലന്‍ഡ് ഡയറക്‌ടര്‍ നവാത് ഇത്സാരഗ്രിസിലിന്റെ മോശമായ പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാത്തിമ ബോഷ് പ്രമോഷണല്‍ ഷൂട്ട് ഒഴിവാക്കിയെന്ന് ആരോപിച്ച അദ്ദേഹം എല്ലാവരുടെയും മുന്നില്‍ എഴുന്നേറ്റുനിന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിന് തയാറായില്ല. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇത്സാരഗ്രിസില്‍ ക്യാമറയ്‌ക്ക് മുന്നില്‍വച്ച് ബോഷിനെ ‘വിഡ്‌ഢി’ എന്ന് വിളിച്ചുവെന്നു പരാതി ഉയര്‍ന്നു.
ബോഷ് പ്രതിരോധിക്കുകയും മോശം പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു. ‘നിങ്ങള്‍ അപമാനിക്കുകയാണ്. നിങ്ങള്‍ എന്നെ ഒരു സ്‌ത്രീയായോ എന്റെ രാജ്യത്തിന്റെ പ്രതിനിധിയായോ ബഹുമാനിക്കുന്നില്ല.’- എന്ന് അവര്‍ പറഞ്ഞു.
ഇതോടെ അവര്‍ക്ക് മത്സരാര്‍ത്ഥികളില്‍നിന്ന് കൈയടിയും പിന്തുണയും ലഭിച്ചു. നിമിഷങ്ങള്‍ക്കകം സ്‌ഥിതിഗതികള്‍ വഷളായി.
ഇത്സാരഗ്രിസില്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിളിച്ചു. ഫാത്തിമയെ പിന്തുണച്ചവരെ മത്സരത്തില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.
നിലവിലെ മിസ് യൂണിവേഴ്‌സ് വിക്‌ടോറിയ കെയര്‍ തെല്‍വിഗ് ഉള്‍പ്പെടെ ഒരു ഡസനിലധികം മത്സരാര്‍ത്ഥികള്‍ ബോഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വേദിവിട്ട് ഇറങ്ങിപ്പോയി. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇത്സാരഗ്രിസിലിന്റെ പെരുമാറ്റത്തെ അപലപിച്ചു. അദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞു.




