വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണത്തില്‍ പ്രതിയെ കീഴടക്കിയ ‘ചുവപ്പു ഷര്‍ട്ടുകാരനെ’ തേടി റെയില്‍വേ പോലീസ്. പരുക്കേറ്റ ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെ രക്ഷപ്പെടുത്തിയതും ഇയാളാണ്.
ട്രെയിനിലെ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പോലീസ് ഒരുങ്ങുകയാണ്. ചുവപ്പു ഷര്‍ട്ടുകാരന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ രണ്ടു പെണ്‍കുട്ടികളെയും പ്രതി സുരേഷ് കുമാര്‍ ചവിട്ടി പുറത്തിടുമായിരുന്നുവെന്നും കുറ്റകൃത്യം ആരുമറിയാതെ പോകുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
യുവാവ് അര്‍ച്ചനയെ രക്ഷപ്പെടുത്തുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്‌തതുകൊണ്ടാണ് ശ്രീക്കുട്ടി തെറിച്ചുവീണ വിവരം മറ്റുള്ളവര്‍ അറിഞ്ഞതും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും.
അതേസമയം, പ്രതി യാത്ര തുടങ്ങും മുമ്പ് ബാറില്‍ കയറി മദ്യപിച്ചതിന്റെ തെളിവുകള്‍ പുറത്ത്. കേരള എക്‌സ്‌പ്രസില്‍ കയറും മുമ്പ് സുരേഷ് കുമാര്‍ കോട്ടയത്തെ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയ പ്രതി, വര്‍ക്കലയില്‍ പത്തൊന്‍പതുകാരിയായ ശ്രീക്കുട്ടിയെ ട്രെയിനില്‍നിന്നു ചവിട്ടി പുറത്തിടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അതിനിടെ, പ്രതി സുരേഷ് കുമാറിനൊപ്പം യാത്ര ചെയ്‌ത ആളെ പോലീസ് കണ്ടെത്തി. വെള്ളറട സ്വദേശി ലാലുവാണ് സുരേഷിനൊപ്പം കോട്ടയത്തെ ബാറില്‍ മദ്യപിച്ച ശേഷം കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌തിരുന്നത്. ഇയാള്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുള്ളതായി തെളിവില്ലെന്നും സാക്ഷിയാക്കുമെന്നും പോലീസ് പറഞ്ഞു.




