Crime

‘മൂന്നാമാത്തെ കൊലപാതകം നടത്തും’; യുവാക്കളെ കുത്തിയശേഷം വീഡിയോ ചിത്രീകരിച്ച്‌ ഭീഷണി

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത്‌ യുവാക്കളെ കുത്തി പരുക്കേല്‍പ്പിച്ചശേഷം വീഡിയോ ചിത്രീകരിച്ച്‌ ഭീഷണി മുഴക്കിയ പ്രതികള്‍ക്കായി അന്വേഷണം.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമാത്തെ കൊലപാതകം നടത്തുമെന്നാണു നാലംഗ അക്രമിസംഘം ഭീഷണി മുഴക്കിയത്‌.

ഡല്‍ഹിയിലെ ജഹാംഗിര്‍പുരി മേഖലയില്‍ ഞായറാഴ്‌ചയാണു സംഭവം നടന്നത്‌. ആക്രമണത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. പ്രദേശവാസികളായ അന്‍ഷു(18), വിമല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

പ്രതികള്‍ തങ്ങളുടെ അടുത്തേക്ക്‌ വന്ന്‌ സഹീല്‍ എന്നയാളെ അറിയാമോ എന്ന്‌ ചോദിച്ചതായി പരുക്കേറ്റവര്‍ പോലീസിനോട്‌ പറഞ്ഞു.
അറിയില്ലെന്നു മറുപടി നല്‍കിയപ്പോള്‍, കെ ബ്ലോക്കിലെ താമസക്കാരാണോ എന്ന്‌ അക്രമികള്‍ വീണ്ടും ചോദിച്ചു. ഉടന്‍തന്നെ കത്തി പുറത്തെടുത്ത്‌ കുത്തിയശേഷം പ്രതികള്‍ സ്‌ഥലത്തുനിന്നു രക്ഷപ്പെട്ടതായി പോലീസ്‌ പറഞ്ഞു.

മൂന്നു പേര്‍ യുവാക്കളെ ആക്രമിക്കുകയും ഒരാള്‍ ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു. രണ്ടു കൊലപാതകങ്ങള്‍ നടത്തി, ഇനി മൂന്നാമതൊരു കൊലപാതകം കൂടി നടത്തുമെന്നു ഭീഷണി മുഴക്കിയാണ്‌ വീഡിയോ ചിത്രീകരിച്ചതെന്നും പരുക്കേറ്റവര്‍ പറഞ്ഞു. അന്‍ഷുവിന്റെ വലതു കൈയിലാണു കുത്തേറ്റത്‌.
വിമലിന്‌ ഒന്നിലധികം കുത്തേറ്റിട്ടുണ്ട്‌. ഇരുവരെയും ഡല്‍ഹിയിലെ ലോക്‌ നായക്‌ ജയ്‌ പ്രകാശ്‌ (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ്‌ പറഞ്ഞു.