Crime

ബംഗ്ലാദേശില്‍ ബൈക്കിലെത്തിയ സംഘം ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ സംഘമാണു ഫാക്‌ടറി ഉടമയും പത്രപ്രവര്‍ത്തകനുമായ റാണാ പ്രതാപി(45)നെ വെടിവച്ചു കൊന്നത്‌. ജസൂര്‍ ജില്ലയിലെ കോപാലിയ ബസാര്‍ പ്രദേശത്ത്‌ ഇന്നലെ വൈകിട്ട്‌ ആറോടെയാണു സംഭവം.

അരുവാ ഗ്രാമത്തില്‍നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായ പ്രതാപ്‌, രണ്ട്‌ വര്‍ഷമായി കോപാലിയ ബസാര്‍ പ്രദേശത്ത്‌ ഐസ്‌ ഫാക്‌ടറി നടത്തുകയായിരുന്നു. ഏതാനും ആളുകള്‍ അദ്ദേഹത്തെ ഐസ്‌ ഫാക്‌ടറിയില്‍നിന്ന്‌ പുറത്തേക്ക്‌ വിളിച്ചുകൊണ്ടുപോയി വെടിവയ്‌ക്കുകയായിരുന്നുവെന്ന്‌ മനോഹര്‍പൂര്‍ യൂണിയന്‍ പരിഷത്ത്‌ ചെയര്‍മാന്‍ അക്‌തര്‍ ഫറൂഖ്‌ മിന്റു പറഞ്ഞു.

ബൈക്കിലെത്തിയ സംഘമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ ദൃക്‌സാക്ഷിയായ റിപോണ്‍ ഹൊസൈന്‍ പറഞ്ഞു. ആക്രമണകാരികളുമായി പ്രതാപിന്‌ തര്‍ക്കമുണ്ടായെന്നും, തുടര്‍ന്ന്‌ അവര്‍ പ്രതാപിന്റെ തലയില്‍ വെടിവച്ചതായും അദ്ദേഹം പറഞ്ഞു. നാരായില്‍ ജില്ലയില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ‘ബിഡി ഖോബര്‍’ എന്ന ദിനപത്രത്തിന്റെ എഡിറ്ററായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്‌.