അസമിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷവും കുരങ്ങുശല്യവും നേരിടുന്നതിനായി അസം സർക്കാർ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) തയ്യാറാക്കും. അസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായ മനുഷ്യ-ആന സംഘർഷങ്ങളിൽ 1,147 ആളുകളും 246 ആനകളും മരണപ്പെട്ടതായി അസം സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. ഇതിൽ 2025-ലാണ് ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ (138 എണ്ണം) രേഖപ്പെടുത്തിയത്. ആനകളുടെ മരണത്തിന് പ്രധാന കാരണം ഷോക്കേൽക്കുന്നതും ട്രെയിൻ അപകടങ്ങളുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച നടന്ന ചർച്ചകളിൽ ഈ വിഷയം പ്രമുഖമായി ഉയർന്നുവരികയും, വന്യജീവികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ, വിളനാശം, ജീവഹാനി എന്നിവയെക്കുറിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ആശങ്ക ഉന്നയിക്കുകയും ചെയ്തു. മീറ്റിംഗിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട വനം-ധനകാര്യ മന്ത്രി ജയന്ത മല്ല ബറുവ, ഉടനടിയുള്ള ആശ്വാസ നടപടികളും ദീർഘകാല പ്രതിരോധവും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു നയം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി അറിയിച്ചു.
ഓരോ വർഷവും മനുഷ്യ-ആന സംഘർഷങ്ങളിൽപ്പെട്ട് ഏകദേശം 150 ഓളം ആളുകൾ മരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, വിളനാശം സംഭവിക്കുന്ന കർഷകർക്കുള്ള സഹായം, അടിയന്തിരവും ദീർഘകാലവുമായ പരിഹാരങ്ങൾ എന്നിവയിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതത് നിയോജക മണ്ഡലങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ ശുപാർശകൾ എസ്ഒപി തയ്യാറാക്കുമ്പോൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 22 അല്ലെങ്കിൽ 23-ഓടെ എസ്ഒപിക്ക് അന്തിമരൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനമേഖലകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു ആനകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക, വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭ്യമാക്കുക, വനവൽക്കരണം വ്യാപിപ്പിക്കുക എന്നിവയ്ക്കായിരിക്കും ദീർഘകാല തന്ത്രത്തിൽ മുൻഗണന നൽകുക. ഭക്ഷണത്തിനായി ആനകൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുകൂടാതെ പ്രാദേശിക എംഎൽഎമാരെ ഉൾപ്പെടുത്തി സോൺ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സോളാർ ഫെൻസിംഗ്, ബയോ ഫെൻസിംഗ് തുടങ്ങിയ പ്രായോഗിക മാർഗ്ഗങ്ങൾ ഈ പാനലുകൾ ശുപാർശ ചെയ്യും. ആനകളുടെ ആക്രമണത്തിന് പുറമെ വിവിധ ജില്ലകളിൽ കുരങ്ങുകൾ കൃഷി നശിപ്പിക്കുന്ന പ്രശ്നവും നിയമസഭാംഗങ്ങൾ ചർച്ച ചെയ്തു. ഹിമാചൽ പ്രദേശിന്റെ മാതൃകയിൽ വന്ധ്യംകരണ പദ്ധതി ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകൾ സർക്കാർ പഠിച്ചുവരികയാണെന്നും എന്നാൽ പൊതുജനങ്ങളുമായി ആലോചിച്ച ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കൂ എന്നും ബറുവ വ്യക്തമാക്കി. വന്യജീവികൾക്ക് ദ്രോഹമുണ്ടാക്കാതെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക വഴികൾ കണ്ടെത്തുന്നതിനാണ് ചർച്ചകൾ ഊന്നൽ നൽകിയതെന്ന് നൈപുണ്യ, തൊഴിൽ, സംരംഭകത്വ മന്ത്രി ബിശ്വജിത് ദൈമാരി പറഞ്ഞു. കരട് എസ്ഒപി തയ്യാറാക്കിക്കഴിഞ്ഞാൽ, സംസ്ഥാനത്തുടനീളം ഇത് നടപ്പിലാക്കുന്നതിന് മുൻപായി കൂടുതൽ ചർച്ചകൾക്കായി ഇത് ലഭ്യമാക്കും.




