ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ഹോട്ട് എയർ ബലൂണിന് ആകാശത്തുവെച്ച് തീപിടിച്ച് എട്ടുപേർ മരിച്ചു. ശനിയാഴ്ച തെക്കൻ ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്രിയ ഗ്രാൻഡെയിലാണ് രാജ്യം നടുങ്ങിയ ഈ ദുരന്തം ഉണ്ടായത്. താഴ്‌വരകളുടെ മനോഹരമായ കാഴ്ചകൾ കാണാൻ പോയ ബലൂണിലാണ് അപകടമുണ്ടായത്.
പൈലറ്റ് ഉൾപ്പെടെ 21 പേരാണ് ബലൂണിൽ ഉണ്ടായിരുന്നത്. ഇതിൽ പൈലറ്റും 12 യാത്രക്കാരും ഉൾപ്പെടെ 13 പേർ രക്ഷപ്പെട്ടു. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
ആകാശത്തുവെച്ച് ബലൂണിന്റെ ബാസ്‌ക്കറ്റിനുള്ളിൽ (യാത്രക്കാർ ഇരിക്കുന്ന ഭാഗം) തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് ബലൂൺ അടിയന്തരമായി താഴെയിറക്കാൻ ശ്രമിച്ചു. ബലൂൺ നിലത്തോടടുക്കുമ്പോൾ യാത്രക്കാരോട് താഴേക്ക് ചാടി രക്ഷപ്പെടാൻ പൈലറ്റ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കുറച്ചുപേർ ചാടി രക്ഷപ്പെട്ടെങ്കിലും മറ്റുള്ളവർക്ക് അതിന് സാധിച്ചില്ല. യാത്രക്കാർ ചാടിയതോടെ ഭാരം കുറഞ്ഞ ബലൂൺ വീണ്ടും മുകളിലേക്ക് ഉയരുകയും പിന്നീട് പൂർണ്ണമായി തകർന്നു താഴെ വീഴുകയുമായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ രണ്ട് ദമ്പതികളും, അമ്മയും മകളും, ഒരു നേത്രരോഗ വിദഗ്ധനും, ഒരു ഫിഗർ സ്കേറ്റിംഗ് താരവും ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സാന്റാ കാറ്ററീന ഗവർണർ ജോർജിഞ്ഞോ മെല്ലോ അറിയിച്ചു. ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബ്രസീലിന്റെ നാഷണൽ സിവിൽ ഏവിയേഷൻ ഏജൻസി അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അതുവരെ ബലൂൺ സർവീസ് നടത്തിയ ടൂർ ഓപ്പറേറ്റർ കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു. തങ്ങൾ എല്ലാ നിയമങ്ങളും പാലിച്ചിരുന്നുവെന്നും പൈലറ്റ് കൃത്യമായാണ് പ്രവർത്തിച്ചതെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ബ്രസീലിൽ വേഗത്തിൽ വളരുന്ന ബലൂൺ ടൂറിസം മേഖലയുടെ സുരക്ഷയെക്കുറിച്ച് ഈ അപകടം വലിയ ചോദ്യമുയർത്തുന്നുണ്ട്.




