ഡെസ്ക് ജോലികൾ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ പലരും അനക്കമില്ലാത്ത ഒരു ജീവിതശൈലിയിലേക്ക് ചുരുങ്ങിപ്പോയിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുകയും, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം എഴുന്നേൽക്കുകയും ചെയ്യുന്നവരാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദീർഘനേരം ഒരേ ഇരുപ്പ് ഇരിക്കുമ്പോൾ പേശികൾ വലിഞ്ഞു മുറുകാനും, നട്ടെല്ലിന് കടുപ്പം അനുഭവപ്പെടാനും, മാനസിക തളർച്ചയുണ്ടാകാനും കാരണമാകുമെന്ന് എഴുത്തുകാരനും ഹിമാലയൻ സിദ്ധനുമായ അക്ഷർ പറയുന്നു. ഇത് പ്രായമാകുന്നതിന് മുൻപ് തന്നെ പ്രായക്കൂടുതൽ തോന്നിക്കാൻ ഇടയാക്കും. പ്രായമാകുന്നത് സ്വാഭാവികമായ പ്രക്രിയയാണെങ്കിലും നമ്മുടെ ജീവിതശൈലി അതിനെ സ്വാധീനിക്കുന്നുണ്ട്. ബോധപൂർവ്വമായ ചലനങ്ങളിലൂടെയും ശ്രദ്ധയിലൂടെയും ശരീരത്തിന്റെ വഴക്കവും ശരിയായ ഭാവവും നിലനിർത്താൻ യോഗ സഹായിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഡെസ്ക് ജോലികൾ ചെയ്യുന്നവർക്ക് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ഒരു യോഗാഭ്യാസമാണ് ‘സിദ്ധ വാക്ക്’ (Siddha walk) എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിനെ ‘ഫിഗർ എയ്റ്റ് വാക്ക്’ (Figure-Eight Walk) എന്നും ‘ഇൻഫിനിറ്റി വാക്ക്’ (Infinity Walk) എന്നും വിളിക്കാറുണ്ട്. മനസ്സിന്റെ ഏകാഗ്രതയും ശരീരത്തിന്റെ ചലനങ്ങളും ഒരേസമയം കോർത്തിണക്കിക്കൊണ്ട് ചെയ്യാവുന്ന വളരെ ലളിതമായ ഒരു വ്യായാമമാണിത്. എട്ട് (8) എന്ന അക്കത്തിന്റെ ആകൃതിയിൽ സാവധാനം നടക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഒരു വട്ടത്തിൽ നിന്ന് അടുത്ത വട്ടത്തിലേക്ക് കൃത്യമായ ശ്വാസോച്ഛ്വാസത്തോടെ വേണം നടക്കാൻ. തലയും നട്ടെല്ലും ശരീരവും അയച്ചുവിട്ട്, ശ്വാസത്തിലും ചലനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ദിവസവും 10 മുതൽ 21 മിനിറ്റ് വരെ ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്.
സന്ധികൾക്ക് അമിതഭാരം നൽകാതെ തന്നെ ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും ഉണർവ് നൽകാൻ സിദ്ധ വാക്കിന് സാധിക്കും. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരുടെ ശരീരത്തിലെ പിരിമുറുക്കം കുറയ്ക്കാനും മനസ്സിന് ശാന്തതയും ഏകാഗ്രതയും നൽകാനും ഈ രീതിയിലുള്ള നടത്തം സഹായിക്കും. നടക്കുമ്പോൾ തുടർച്ചയായി ദിശ മാറുന്നത് കാരണം കടിപ്രദേശം, ഇടുപ്പ്, വയറ് എന്നിവയിലെ പേശികൾക്ക് നല്ല വ്യായാമം ലഭിക്കുന്നു. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നവർക്ക് ഇത് ഏറെ ഫലപ്രദമാണ്. ഇത് പതിവായി ചെയ്യുന്നത് വഴി ശരീരത്തിന് പുതിയൊരു ഊർജ്ജവും ഉന്മേഷവും മാനസിക വ്യക്തതയും ലഭിക്കും.
സിദ്ധ വാക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷിതവും തുറസ്സായതുമായ സ്ഥലങ്ങളിൽ വേണം ഇത് പരിശീലിക്കാൻ. സുഖപ്രദമായ പാദരക്ഷകളോ അല്ലെങ്കിൽ അടിഭാഗം കട്ടിയില്ലാത്ത ചെരുപ്പുകളോ ധരിക്കുന്നതാണ് നല്ലത്. ശരീരം വലിഞ്ഞു മുറുക്കാതെ തികച്ചും സ്വാഭാവികമായ ശ്വാസോച്ഛ്വാസത്തോടെ വേണം നടക്കാൻ. വേഗത്തിൽ നടക്കാൻ ശ്രമിക്കരുത്. വേഗതയേക്കാൾ പ്രധാനം കൃത്യമായ ശ്രദ്ധയോടെയും സ്ഥിരതയോടെയും ചെയ്യുക എന്നതിനാണ്.




