മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ ശേഷം പ്രതിശ്രുതവധു സിയ ഗോയൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേതന്റെ മൃതദേഹം കൊക്കയിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയായിരുന്നു സിയയുടെ ഈ വൈകാരികമായ പോസ്റ്റ്.
ഒരു പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിച്ചുള്ള നൃത്തച്ചുവടുകളും കേതൻ സിയക്ക് പൂക്കൾ നൽകുന്നതുമായ ദൃശ്യങ്ങൾ ചേർത്തായിരുന്നു ഈ സ്റ്റോറി. തന്റെ ജന്മദിനത്തിൽ തനിച്ചാക്കി പോയതിനെക്കുറിച്ചും, ഇത്രയധികം സ്നേഹിച്ചിട്ടും വിട്ടുപോയത് എന്തിനാണെന്നും ചോദിച്ച സിയ, കേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും, അവൻ തിരികെ വരുമെന്ന് ഹൃദയം പറയുന്നുണ്ടെന്നുമുള്ള വരികളും ഇതിനൊപ്പം കുറിച്ചിരുന്നു.
തുടക്കത്തിൽ ഈ മരണത്തിൽ സിയയെ ആരും സംശയിച്ചിരുന്നില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നായിരുന്നു സിയ പൊലീസിന് നൽകിയ മൊഴി. എന്നാൽ പരിചയസമ്പന്നനായ ഒരു ട്രെക്കറായ കേതൻ അത്ര പെട്ടെന്ന് കാൽ തെറ്റി വീഴാൻ സാധ്യതയില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിച്ചു പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം കേതന്റെ വീട്ടിലെത്തിയ സിയയോട് സഹോദരി ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ നൽകിയ അസ്വാഭാവികമായ മറുപടികൾ കുടുംബത്തിന്റെ സംശയം ഇരട്ടിയാക്കി.
സിയയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ മൊഴികളും, പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും മൊബൈൽ ലൊക്കേഷനും കൃത്യമായി പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കേതൻ കൊക്കയിലേക്ക് വീഴുന്ന സമയത്ത് സിയയുടെ കാമുകനായ ചേതൻ ചൗധരിയും അവിടെയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, തങ്ങളുടെ പ്രണയബന്ധത്തിന് തടസ്സമാകാതിരിക്കാൻ ഇരുവരും ചേർന്ന് കേതനെ തള്ളിയിട്ടതാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. ജൂൺ 18-ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടയിലാണ് അവർ ഈ ക്രൂരത നടപ്പാക്കിയത്.




