ഫിഫ ലോകകപ്പ് 2026-ൽ നോർവേ ടീം മികച്ച പ്രകടനത്തിലൂടെ ഇതിനകം തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ മൈതാനത്ത് അവർ നടത്തുന്ന ‘വൈക്കിംഗ് റോ’ (ചെറുതോണി തുഴയുന്നതുപോലെയുള്ള) ആഘോഷം അവരുടെ കളിപ്പൂരത്തേക്കാളും വലിയ തരംഗമായി സോഷ്യൽ മീഡിയയിൽ പടരുകയാണ്.
കളിക്കളത്തിലെ വിജയങ്ങൾക്ക് ശേഷം കളിക്കാർ ഒന്നിച്ച് വരിവരിയായി ഇരുന്ന് വഞ്ചി തുഴയുന്നതുപോലെ കാണിക്കുന്ന ഈ വേറിട്ട ശൈലി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും ജനപ്രിയമായ ഒരു കാഴ്ചയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
നോർവേയുടെ പഴയ വൈക്കിംഗ് പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വേറിട്ട ആഘോഷം രൂപപ്പെട്ടത്. എ ഡി 700 മുതൽ 1100 വരെയുള്ള വൈക്കിംഗ് കാലഘട്ടത്തിൽ, സ്കാൻഡിനേവിയയിൽ നിന്നുള്ള വൈക്കിംഗുകൾ വലിയ വഞ്ചികളിൽ (ലോങ്ബോട്ട്) ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. കടൽമാർഗ്ഗം സഞ്ചരിച്ച് വെള്ളി, പട്ട്, സുഗന്ധവ്യഞ്ജനങ്ങൾ, വീഞ്ഞ്, ആഭരണങ്ങൾ എന്നിവ നാട്ടിലെത്തിച്ചിരുന്ന ഈ പൂർവ്വികരുടെ ചരിത്രപരമായ കപ്പൽയാത്രകളെ അനുസ്മരിപ്പിക്കുന്നതാണ് നിലവിലെ നോർവേ ടീമിന്റെ ഈ തുഴച്ചിൽ പ്രകടനം. നോർവീജിയൻ ജനതയുടെ അസ്തിത്വത്തിന്റെ വലിയൊരു ഭാഗം കൂടിയാണിത്.
ഈ വഞ്ചിതുഴയൽ ആഘോഷം ഇത്ര വലിയ തരംഗമാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നാണ് നോർവേ താരം പാട്രിക് ബെർഗ് വ്യക്തമാക്കിയത്. തുടക്കത്തിൽ ആളുകൾ ഇതിന്റെ വിജയത്തെക്കുറിച്ച് സംശയിച്ചിരുന്നെങ്കിലും ഇപ്പോൾ ഈ ലോകകപ്പിൽ തങ്ങളുടെ പ്രധാന അടയാളമായി ഇത് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ മൈതാനത്ത് ആരാധകർക്കൊപ്പം ഇത് ചെയ്യാൻ കഴിഞ്ഞത് മനോഹരമായ നിമിഷമാണെന്നും, നാട്ടിൽ തുടങ്ങിയ ഈ രീതി ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളിക്ക് ശേഷം ഏറെ അഭിമാനത്തോടെ സംസാരിച്ച ഫോർവേഡ് താരം അലക്സാണ്ടർ സോർലോട്ടും ഇതിനെ അതിശയകരമായ ഒരു അനുഭവമെന്നാണ് വിശേഷിപ്പിച്ചത്. തങ്ങൾ ഫോമിലേക്ക് ഉയർന്നാൽ ഈ ലോകകപ്പിൽ ടീമിന് ഏറെ ദൂരം മുന്നോട്ട് പോകാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. നിലവിൽ ആറ് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള നോർവേ വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെ നേരിടും.




