Featured Good News

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത് പഞ്ചാബിലെ 10 വയസ്സുകാരനും; ‘ചായ, പാല്‍, ലസ്സി’ നല്‍കി സൈനികരെ സേവിച്ചു

പഹല്‍ഗാമില്‍ നമ്മുടെ വിനോദസഞ്ചാരികളെ നിര്‍ദയം തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന രോഷം ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോള്‍ പട്ടാളക്കാര്‍ മാത്രമായിരുന്നില്ല അതില്‍ പങ്കെടുത്തത്. ഇന്ത്യാക്കാര്‍ മുഴുവനുമായിരുന്നു. ഒരേ മനസ്സോടെ ഇന്ത്യാക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യത്തിനും ഭരണകൂടത്തിനും പിന്നില്‍ അണി നിരന്നു. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ പ്രതിധ്വനിച്ചപ്പോള്‍ 10 വയസ്സുള്ള ശ്രാവണ്‍സിംഗ് ആയുധമെടുക്കാതെ സൈനികപോരാട്ടത്തില്‍ പങ്കാളിയായി.

ഓപ്പറേഷന്‍ സിന്ദൂരം നടക്കുമ്പോള്‍, 10 വയസ്സുള്ള ശ്രാവണ്‍ സിംഗ് അതിര്‍ത്തിയിലെ തന്റെ ഗ്രാമത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വെള്ളവും ഐസും ചായയും പാലും ലസ്സിയും എത്തിച്ചുകൊടുത്തുകൊണ്ടാണ് നിശബ്ദമായി തന്റെ പങ്ക് വഹിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 2 കിലോമീറ്റര്‍ മാത്രം അകലെയുള്ള താര വാലി ഗ്രാമത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയോ സമ്മര്‍ദ്ദമോ കൂടാതെയാണ് തന്നാല്‍ കഴിയുന്ന റേഷന്‍ വിതരണം ചെയ്യാന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുന്‍കൈയെടുത്തത്.

അടുത്തിടെ കൊച്ചുമിടുക്കന്റെ രാജ്യത്തോടുള്ള സമര്‍പ്പണവും രാജ്യസ്‌നേഹവും ഇന്ത്യന്‍ സൈന്യവും ആദരിച്ചു. ഏഴാമത്തെ ഇന്‍ഫന്‍ട്രി ഡിവിഷന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് മേജര്‍ ജനറല്‍ രഞ്ജിത് സിംഗ് മന്റാള്‍ ആയിരുന്നു ശ്രാവണിനെ ആദരിച്ചപ്പോള്‍ വിശിഷ്ടാതിഥിയായത്. വലുതാകുമ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് നാട് കാക്കാനാണ് തന്റെ ആഗ്രഹമെന്ന് ഫിറോസ്പൂര്‍ ജില്ലയിലെ മാംദോട്ട് ഏരിയയില്‍ നിന്നുള്ള ശ്രാവണ്‍ പറഞ്ഞു. ”ഞാന്‍ വലുതാകുമ്പോള്‍ എനിക്ക് ഒരു ‘ഫൗജി’ ആകണം, എനിക്ക് രാജ്യത്തെ സേവിക്കണം.” കുട്ടി പറഞ്ഞു, ”ഞങ്ങള്‍ അവനെക്കുറിച്ച് അഭിമാനിക്കുന്നു.” സൈനവും പറഞ്ഞു.

ഭീകരാക്രണത്തിന് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. നാലെണ്ണം പാക്കിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ്. ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ മൂന്ന് ദിവസത്തേക്ക് തുടര്‍ച്ചയായി ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കെതിരെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്ലാക്രമണം നടത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സായുധ സേന ഭീകര ആസ്ഥാനത്ത് ആക്രമണം നടത്തിയത്.