ബിഹാറിലെ സീതാമർഹി ജില്ലയിൽ മദ്യവുമായി വന്ന ലോറിയിൽ നിന്ന് നാട്ടുകാർ മദ്യപ്പെട്ടികൾ കവർന്നു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ബൊഖ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുദ്നഗർ പാലത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയിൽ വിവിധ ബ്രാൻഡുകളിൽപ്പെട്ട മദ്യവും ബിയർ പെട്ടികളുമാണ് കടത്തിക്കൊണ്ടുവന്നത്. നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്ക് വൻ ജനക്കൂട്ടം ഇരച്ചുകയറുന്നതും മദ്യപ്പെട്ടികൾ എടുത്തുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. മുതിർന്നവരും സ്ത്രീകളും കുട്ടികളും വരെ പെട്ടികളുമായി നടന്നുപോകുന്നത് വീഡിയോയിലുണ്ട്. പിന്നീട് പോലീസിന്റെ സൈറൺ ശബ്ദം കേട്ടതോടെയാണ് ജനക്കൂട്ടം ചിതറിയോടിയത്.
സംഭവം സ്ഥിരീകരിച്ച പുപ്രി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനിത കുമാരി, ബുദ്നഗർ പാലത്തിന് സമീപം മദ്യവുമായി വന്ന ലോറിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നതായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ലോറിയിലുണ്ടായിരുന്ന മദ്യശേഖരം തിട്ടപ്പെടുത്തി വരികയാണെന്നും, ഇതിന് ശേഷമേ എത്ര ലിറ്റർ മദ്യം പിടിച്ചെടുത്തു എന്ന് വ്യക്തമാകൂ എന്നും അവർ കൂട്ടിച്ചേർത്തു.




