Featured Sports

‘ഗൗതം ഗംഭീര്‍ എന്നെ ദേശദ്രോഹിയെന്ന് വിളിച്ചു, പിന്നാലെ അസഭ്യവര്‍ഷം’; തുറന്നടിച്ച് ശ്രീശാന്ത്

ഐപിഎൽ ഒത്തുകളി വിവാദം മനസിൽ വച്ചുകൊണ്ട് ഗൗതം ഗംഭീർ തന്നെ ‘ദേശദ്രോഹി’ എന്ന് വിളിച്ച് അപമാനിച്ചുവെന്നും, കേൾക്കാൻ അറയ്ക്കുന്ന ചീത്തവിളിച്ചുവെന്നും എസ്. ശ്രീശാന്ത് . 2023-ലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഗംഭീർ തന്നോട് ഇങ്ങനെ പെരുമാറിയതെന്ന് ലല്ലൻടോപിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് വ്യക്തമാക്കി. താൻ ബൗൺസർ എറിഞ്ഞതിനാണ് ഗംഭീർ ഇത്തരത്തിൽ ദേഷ്യപ്പെട്ടത്.

‘ഓവറിലെ ആദ്യ പന്തിൽ ഗംഭീർ മുന്നോട്ടിറങ്ങി കളിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ കളിരീതികളെക്കുറിച്ച് നന്നായി അറിയാം, കാരണം നല്ലൊരു ക്രിക്കറ്ററാണല്ലോ. എന്നാൽ ഗംഭീറിന്റെ കോച്ചിംഗിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഞാൻ അദ്ദേഹത്തിന് നേരെ ഒരു ബൗൺസർ എറിഞ്ഞപ്പോൾ എന്നെ ‘ഫിക്സർ’ (വാതുവയ്പുകാരൻ) എന്ന് വിളിച്ചു. ആ വിളി ഞാൻ കൃത്യമായി കേട്ടു. ഞാൻ അടുത്തുചെന്ന്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അസഭ്യം പറയുകയായിരുന്നു’– ശ്രീശാന്ത് പറഞ്ഞു.

2007-ലെ ട്വന്റി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഗംഭീറും ശ്രീശാന്തും ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. എന്നാൽ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് എത്തിയപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദം പൂർണ്ണമായും തകരുകയായിരുന്നു.

2013-ലെ ഐപിഎൽ ഒത്തുകളി ആരോപണത്തെ തുടർന്നാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ഈ വിലക്ക് ഏഴു വർഷമായി കുറച്ചു. ഇതുപ്രകാരം 2020 മുതൽ ശ്രീശാന്തിന് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചിരുന്നു. അതേസമയം, കളിക്കളം വിട്ട ഗംഭീർ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ്. ഗംഭീറിന്റെ കീഴിൽ ഇന്ത്യ 2025-ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും 2026-ൽ ട്വന്റി-20 ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *