Celebrity

‘തങ്ങൾക്ക് വഴങ്ങാത്തവരെ നിർമ്മാതാക്കൾ ഭീഷണിപ്പെടുത്തും’​‍; വ്യാജ ലൈംഗികാരോപണക്കേസിനിടെ നടി ശില്പ ഷിൻഡെ

2017-ൽ ‘ഭാബിജി ഘർ പർ ഹേൻ’ എന്ന പരമ്പരയുടെ നിർമ്മാതാവ് സഞ്ജയ് ആർ. കോഹ്‌ലിക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതി വ്യാജമായിരുന്നുവെന്ന് നടി ശിൽപ ഷിൻഡെ അടുത്തിടെ സമ്മതിച്ചിരുന്നു. കരാർ തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് താൻ അന്ന് അങ്ങനെ ചെയ്തതെന്ന ശിൽപയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഹിന ഖാൻ, പൂജ ബേദി, കരൺ ഒബറോയ് തുടങ്ങിയ പ്രമുഖ ടെലിവിഷൻ താരങ്ങളും സോഷ്യൽ മീഡിയയും നടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.

ഇതിനിടയിലാണ് ടെലിവിഷൻ രംഗത്തെ നിർമ്മാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിൽപ വീണ്ടും രംഗത്തെത്തിയത്. നിർമ്മാതാക്കൾ തങ്ങളുടെ സ്വാധീനവും അധികാരവും ദുരുപയോഗം ചെയ്യുകയാണെന്നും പല കലാകാരന്മാരും ഇത് നിശബ്ദമായി സഹിക്കുകയാണെന്നും അവർ ആരോപിച്ചു.

ടെലിവിഷൻ വ്യവസായത്തിലെ പ്രതിഫലം ലഭിക്കാത്ത പ്രശ്നങ്ങളെക്കുറിച്ച് നടൻ ഷെഹ്‌സാദ ധാമി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി റീഷെയർ ചെയ്തുകൊണ്ടാണ് ശിൽപ തന്റെ നിലപാട് വ്യക്തമാക്കിയത്. ടിവി ഇൻഡസ്ട്രിയിലെ നിർമ്മാതാക്കൾ ‘വൈറ്റ് കോളർ മാഫിയ’കളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു. തങ്ങൾക്ക് വഴങ്ങാത്ത കലാകാരന്മാരെ അവർ ഭീഷണിപ്പെടുത്താറുണ്ടെന്നും ഭാവിയിൽ ആരും കൂടെയുണ്ടാകില്ലെന്ന് പറഞ്ഞ് അവരുടെ അവസരങ്ങൾ ഇല്ലാതാക്കാറുണ്ടെന്നും ശിൽപ പറഞ്ഞു.

ലോകത്ത് ആരും സത്യം പറയുന്നില്ലെന്നും എല്ലാവരും ഭയന്നാണ് ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കലാകാരന്മാരുടെ 90 ദിവസത്തെ പ്രതിഫലം വരെ നിർമ്മാതാക്കൾ തടഞ്ഞുവെക്കാറുണ്ട്. പണി ഇല്ലാതാകുമെന്ന് ഭയന്നാണ് പലരും ഇതിനെതിരെ പ്രതികരിക്കാത്തത്. ഇത്തരം സമ്മർദ്ദങ്ങൾ കാരണം സ്വാധീനമുള്ള വ്യക്തികളെ ചോദ്യം ചെയ്യാൻ പലർക്കും ധൈര്യമില്ല.

തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് താൻ ചെയ്തതുപോലെ പ്രതികരിക്കാനുള്ള ധൈര്യമില്ലെന്ന് വ്യാജ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിക്കവെ ശിൽപ പറഞ്ഞു. കലാകാരന്മാർ സ്വാർത്ഥരായിരിക്കാം, എന്നാൽ അത്തരം നിർമ്മാതാക്കളുടെ കൂടെ ഇനി ജോലി ചെയ്യാൻ തനിക്ക് താല്പര്യമില്ല. ഇന്നത്തെ ടെലിവിഷൻ രംഗത്ത് യാതൊരുവിധ സർഗ്ഗാത്മകതയും അവശേഷിക്കുന്നില്ലെന്നും അങ്ങേയറ്റം മോശം ഷോകളാണ് ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞുകൊണ്ട് അവർ നിർമ്മാതാക്കളെ രൂക്ഷമായി വിമർശിച്ചു. ടെലിവിഷൻ രംഗത്തെ ഇത്തരം അധികാര ദുർവിനിയോഗങ്ങളെക്കുറിച്ചുള്ള ശിൽപയുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *