വാഷിങ്ടൻ ∙ പ്രശസ്ത അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരങ്ങളായ കൂപ്പർ ഫ്ലാഗും അരിയാന റോബേഴ്സണും തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത ഒടുവിൽ ഔദ്യോഗികമായി പുറത്തുവിട്ടു. മാസങ്ങളായി ഇരുവരെയും കുറിച്ച് പ്രചരിച്ചിരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ഈ കാര്യം വ്യക്തമാക്കിയത്.
തുർക്സ് ആൻഡ് കൈക്കോസ് ദ്വീപുകളിൽ ഇരുവരും ഒരുമിച്ച് നടത്തിയ മനോഹരമായ ഒരു ആഡംബര യാത്രയ്ക്ക് ശേഷമാണ് ഇവരുടെ പ്രണയ വാർത്തകൾ സജീവമായത്. അരിയാന തന്റെ ടിക്ടോക്ക് അക്കൗണ്ടിൽ കൂപ്പറിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചതിന് പിന്നാലെ, താരം അരിയാനയെ ചുംബിക്കുന്ന ചിത്രം കൂപ്പർ ഫ്ലാഗ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർക്ക് സ്ഥിരീകരണമുണ്ടായത്.
ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഒരുമിച്ചുള്ള പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ബന്ധം പരസ്യമാക്കുന്നതിന് മുൻപ് തന്നെ, ഒരേ കടൽത്തീരത്തെ ഊഞ്ഞാലിൽ ഇരിക്കുന്ന ചിത്രങ്ങൾ ഇരുവരും വെവ്വേറെ പങ്കുവെച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഇവർ ഒരുമിച്ചാണ് അവധിക്കാലം ചെലവഴിക്കുന്നതെന്ന് ഉറപ്പിക്കാൻ ആരാധകരെ സഹായിച്ചു. കഴിഞ്ഞ ഏപ്രിലിൽ കൂപ്പർ ഫ്ലാഗിന് എൻബിഎ ‘റൂക്കി ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ച ചടങ്ങിൽ കൂപ്പറിന്റെ മാതാപിതാക്കൾക്കൊപ്പം അരിയാനയും പങ്കെടുത്തത് ഗോസിപ്പുകൾക്ക് കൂടുതൽ ബലം നൽകി. ഫെബ്രുവരിയിൽ നടന്ന ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ മത്സരങ്ങൾ കാണാൻ ഇരുവരും ഒരുമിച്ച് എത്തിയതും വലിയ രീതിയിൽ വാർത്തയായിരുന്നു.
എൻബിഎ ടീമായ ഡാലസ് മാവെറിക്സിലെ മികച്ച ഫോർവേർഡ് താരമാണ് 19 വയസ്സുകാരനായ കൂപ്പർ ഫ്ലാഗ്. 2025 ലെ എൻബിഎ ഡ്രാഫ്റ്റിൽ ഒന്നാം റാങ്കോടെയാണ് കൂപ്പർ ഡാലസ് മാവെറിക്സിന്റെ ഭാഗമായത്. തന്റെ ആദ്യ സീസണിൽ തന്നെ ശരാശരി 21 പോയിന്റുകൾ സ്കോർ ചെയ്ത് ബാസ്ക്കറ്റ്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയ താരം, റൂക്കി ഓഫ് ദി ഇയർ പുരസ്കാരവും സ്വന്തമാക്കി. കരിയറിലെ ഏറ്റവും പ്രായം കുറഞ്ഞ 50-പോയിന്റ് സ്കോറർ എന്ന ചരിത്ര റെക്കോർഡും ഇപ്പോൾ കൂപ്പറിന്റെ പേരിലാണ്.
ഡ്യൂക്ക് ബ്ലൂ ഡെവിൾ ടീമിലെ പ്രമുഖ താരമാണ് 20 വയസ്സുകാരിയായ അരിയാന റോബേഴ്സൻ. ടെക്സാസിലെ സാൻ അന്റോണിയോ സ്വദേശിയായ അരിയാന, ഹൈസ്കൂൾ തലം മുതൽക്കേ ബാസ്ക്കറ്റ്ബോളിൽ തിളങ്ങിനിന്ന വ്യക്തിയാണ്. പരുക്കുകൾ കാരണം ആദ്യ സീസണിലെ ചില കളികൾ നഷ്ടമായെങ്കിലും, മികച്ച പ്രകടനത്തിലൂടെ ഡ്യൂക്ക് വനിതാ ടീമിന്റെ പ്രധാന താരമായി മാറി. രാജ്യാന്തര തലത്തിൽ യുഎസ്എ ടീമിനെ പ്രതിനിധീകരിച്ച് 2024 ലെ എഫ്ഐബിഎ അണ്ടർ 18 ലോകകപ്പിൽ താരം സ്വർണ മെഡൽ നേടിയിട്ടുണ്ട്. പ്രശസ്ത മുൻ എൻബിഎ താരം ആൻഡ്രേ റോബേഴ്സന്റെ സഹോദരി കൂടിയാണ് അരിയാന.




