കൊച്ചി: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെന്ന ആരോപണത്തെത്തുടർന്ന് എം.പി. ഷാഫി പറമ്പിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂലികളുടെ കടുത്ത പ്രതിഷേധം. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഷാഫി ഒരു പോസ്റ്റിട്ടിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഷാഫിക്കെതിരേ തിരിഞ്ഞത്. ഗ്രൂപ്പ് താത്പര്യങ്ങൾക്കായി പ്രവർത്തിച്ചാൽ ഷാഫിക്ക് ദുഃഖിക്കേണ്ടി വരുമെന്നും ജനഹിതം മറക്കരുതെന്നും കമന്റുകളിൽ പറയുന്നു.
കെ.സി. വേണുഗോപാലിന് വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കരുതെന്നും വി.ഡി. സതീശനെ ക്രൂശിക്കാൻ ഇറങ്ങിയാൽ ജനം താങ്കളെയും ശിക്ഷിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കെ.സിയെ പിന്തുണയ്ക്കാനാണ് ഭാവമെങ്കിൽ പാർട്ടി പ്രവർത്തകർ ഇത് നോക്കിനിൽക്കില്ലെന്നും കോൺഗ്രസിന്റെ അന്തകനാകരുത് എന്നും തുടങ്ങി വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വൈകുന്നതിൽ അണികൾക്കിടയിൽ പുകയുന്ന അമർഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനിടെ ഷാഫി പറമ്പിലിന്റെ നിലപാട് കെ.സി. വേണുഗോപാലിന് അനുകൂലമാണെന്ന വാർത്തകൾ പരന്നതോടെയാണ് സതീശൻ അനുകൂലികൾ കൂട്ടത്തോടെ ഷാഫിക്കെതിരേ സൈബർ ആക്രമണം തുടങ്ങിയത്. ഇതോടെ സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.




