വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമ്മൻ മോഡലായ ലിസ്‌ലാസ്. കോഹ്‌ലിക്കെതിരെ മോശമായി സംസാരിക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലിസ്‌ലാസിന്റെ ആരോപണം.
കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലിസ്‌ലാസിന്റെ ഒരു പോസ്റ്റിന് ‘ലൈക്ക്’ വന്നത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോഹ്‌ലിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾ തന്നെ സമീപിച്ചതെന്ന് ഫിലിമിമന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയത്.
കോഹ്‌ലി ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും അദ്ദേഹത്തെക്കുറിച്ച് ചീത്ത പറയാനും ചിലർ പണം വാഗ്ദാനം ചെയ്തെന്നും, എന്നാൽ പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഒരാളുടെ പേര് നശിപ്പിക്കാൻ തനിക്ക് താല്പര്യമില്ലെന്നും ലിസ്‌ലാസ് പറഞ്ഞു. വിരാട് കോഹ്‌ലി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ലിസ്‌ലാസ് ഒരു ഗായികയും ഇൻഫ്ലുവൻസറും കൂടിയാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള അവർക്ക് നിരവധി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാം. ഐപിഎല്ലിൽ വിരാട് കോഹ്‌ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വലിയ ആരാധകിയായ ലിസ്‌ലാസ്, ഇന്ത്യയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരം ബെംഗളൂരുവാണെന്നും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് അധികം അറിയില്ലായിരുന്ന താൻ ഇന്ത്യയിൽ വന്ന ശേഷമാണ് ഈ കായിക വിനോദത്തെയും കോഹ്‌ലിയെയും ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും അവർ പറഞ്ഞു.




