ഓസ്‌ട്രേലിയയില്‍നിന്നും കൊച്ചിയില്‍ എത്തി, അവിടെനിന്നും ഒരു ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിച്ച് രാജസ്ഥനിലേയ്ക്ക് ഒരു അടിപൊളി യാത്ര ! അതും വിവിധ കളറുകള്‍ പെയലന്റ് ചെയ്ത് മനോഹരമാക്കിയ ഓട്ടോയില്‍.
കൊച്ചിയിൽ നിന്നും രാജസ്ഥാനിലെ ജെയ്‌സാൽമീറിലേക്ക് രണ്ട് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികൾ ഓട്ടോറിക്ഷയിൽ നടത്തിയ ഈ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏകദേശം 2,700 കിലോമീറ്റർ ദൂരം വരുന്ന ഈ സാഹസിക യാത്രയുടെ വീഡിയോ കാണുന്നവർക്കെല്ലാം വലിയ കൗതുകമാണ് സമ്മാനിക്കുന്നത്.
യാത്രക്കിടയിൽ നാഗ്പൂരിനടുത്തുള്ള ഹൈവേയിൽവച്ച് മുന്നവർ ഖാൻ എന്ന വ്യക്തിയാണ് ഇവരെ കണ്ടുമുട്ടിയതും ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും. വർണ്ണാഭമായ ഒരു ഓട്ടോറിക്ഷയിൽ നിറയെ ബാഗുകളുമായി ചിരിച്ചുകൊണ്ട് കൈവീശി കാണിക്കുന്ന സഞ്ചാരികളെ വീഡിയോയിൽ കാണാം.
മധ്യേന്ത്യയിലൂടെയും ഈസ്റ്റ് കോസ്റ്റിലെ ബോറ ഗുഹകളിലൂടെയും കടന്നുപോയ ഇവരുടെ യാത്ര കേവലം സൗകര്യങ്ങൾക്കപ്പുറം അനുഭവങ്ങൾക്കും ആവേശത്തിനുമാണ് മുൻഗണന നൽകുന്നത്. ഈ യാത്ര യഥാർത്ഥ ജീവിതം ആസ്വദിക്കുന്ന രീതിയാണെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
വിദേശികൾക്ക് ഇന്ത്യയിൽ ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് ഓടിക്കാൻ സാധിക്കുമെങ്കിലും ഇതിന് ചില നിയമപരമായ നൂലാമാലകളുണ്ട്. ഓട്ടോറിക്ഷകൾ സാധാരണയായി വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ വിദേശ വിനോദസഞ്ചാരികൾ ഇത്തരം ദീർഘദൂര യാത്രകൾക്കായി സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് വാഹനങ്ങൾ ക്രമീകരിക്കുന്നത്.
സാധുവായ ഡ്രൈവിംഗ് ലൈസൻസ്, ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP), പാസ്‌പോർട്ട്, ആവശ്യമായ മറ്റ് വാഹന രേഖകൾ എന്നിവ കൈവശം വെക്കേണ്ടത് നിർബന്ധമാണ്. വ്യത്യസ്ത സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോൾ പോലീസിന്റെ പരിശോധനകളും ഇൻഷുറൻസ് സംബന്ധിച്ച സങ്കീർണ്ണതകളും ഉണ്ടായേക്കാം എന്നതിനാൽ, അംഗീകൃത ഏജൻസികൾ വഴി വാഹനം എടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.




