Featured Oddly News

പേര് ജൈവ- കെമിക്കൽ ഫ്രീ മാമ്പഴം, വില 1800! മുറിച്ചപ്പോൾ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

കിലോയ്ക്ക് 180 രൂപ നിരക്കിൽ 10 കിലോ മാങ്ങ 1800 രൂപയ്ക്ക് വാങ്ങിയ ഒരു യുവതിക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കെമിക്കലുകൾ ചേർക്കാത്തത്’ എന്ന് വിശ്വസിച്ച് വലിയ വില നൽകി വാങ്ങിയ മാമ്പഴങ്ങൾ പുറമെ നല്ല നിറമുള്ളവയായിരുന്നെങ്കിലും ഉള്ളിൽ വെള്ളനിറവും ഒട്ടും രുചിയില്ലാത്തതുമായിരുന്നു. നളിനീസ് കിച്ചൺ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് യുവതി ഈ അനുഭവം പങ്കുവെച്ചത്.

കടക്കാരൻ മാങ്ങ വിൽക്കുമ്പോൾ തോട്ടത്തിൽ നിന്ന് നേരിട്ടെത്തിച്ചതാണെന്നും പൂർണ്ണമായും പ്രകൃതിദത്തമാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ മാങ്ങ മുറിച്ചു നോക്കിയപ്പോൾ ഗുണനിലവാരമില്ലെന്ന് മനസ്സിലാക്കിയ യുവതി തിരികെ കടയിലെത്തി. കടയിൽ നല്ല തിരക്കുള്ള സമയത്ത് ചെന്ന് മാങ്ങ മോശമായാൽ എന്തുചെയ്യുമെന്ന് അവർ വീണ്ടും ചോദിച്ചു.



മോശമാണെങ്കിൽ തിരികെ തന്നോളൂ എന്ന് കടക്കാരൻ മറുപടി നൽകിയതോടെ, യുവതി അഞ്ച് ദിവസം മുൻപ് വാങ്ങിയ മോശം മാങ്ങകൾ തിരികെ നൽകി. ഒരു ചോദ്യവും ചോദിക്കാതെ കടക്കാരൻ ഉടൻ തന്നെ പണം തിരികെ നൽകുകയും ചെയ്തു. ഇതിൽ നിന്നാണ് വിൽപനക്കാരൻ ബോധപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് യുവതിക്ക് ഉറപ്പായത്.

ജൈവം (Organic), കെമിക്കൽ ഫ്രീ എന്നീ പേരുകളിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വലിയൊരു തട്ടിപ്പ് വിപണിയിൽ നടക്കുന്നുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങകൾ ഇങ്ങനെ വ്യാജ ലേബലുകളിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പലരും ഇതിനെതിരെ പ്രതികരണങ്ങളുമായി രംഗത്തെത്തി.

ഒന്നും ഇപ്പോൾ ശുദ്ധമല്ലെന്നും, മാങ്ങ വാങ്ങുന്നതിന് മുൻപ് ഒരെണ്ണം വാങ്ങി രുചി നോക്കി ഉറപ്പുവരുത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. ജൈവ ഉൽപ്പന്നങ്ങൾ എന്ന പേരിൽ നടക്കുന്ന ഇത്തരം വില്പനകളിൽ അമിത ജാഗ്രത പാലിക്കണമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.